തിരുവനന്തപുരം: സിറ്റി പൊലീസിന്റെ 'ഓപ്പറേഷൻ കോബ്ര'യുടെ ഭാഗമായി ഇന്നലെ തലസ്ഥാന നഗരത്തിൽ നടന്ന വാഹന പരിശോധനയിൽ ട്രാഫിക് നിയമലംഘനം ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തിയ 180ഓളം പേർ പൊലീസ് പിടിയിലായി. സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ സിറ്റിപൊലീസിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടത്തിയ പരിശോധനയിലാണ് നിരവധി പേർ പിടിയിലായത്. രാവിലെ 7നാരംഭിച്ച വാഹന പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ വാഹനമോടിച്ച ഡ്രെെവർമാർ, അനുവദനീയമായതിലധികം കുട്ടികളെ കയറ്റിയ സ്കൂൾ വാഹനങ്ങൾ, ഹെൽപ്പർമാർ ഇല്ലാത്ത സ്കൂൾ വാഹനങ്ങൾ, സ്കൂൾ സർവീസിന് ക്ളിയറൻസ് ഇല്ലാത്ത വാഹനങ്ങൾ, യൂണിഫോം ഇല്ലാതെ വാഹനമോടിച്ച ബസ് ഡ്രെെവർമാർ, രൂപഘടനയിൽ മാറ്റം വരുത്തിയ വാഹനങ്ങൾ, ലെെസൻസില്ലാതെ വാഹനമോടിച്ചവർ, ക്ലാസ് കട്ട് ചെയ്ത് കറങ്ങിനടന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ നിരവധി പേർ പൊലീസ് പിടിയിലായത്. പിടിക്കപ്പെട്ടവർക്ക് കമ്മിഷണർ എസ് ർ. സുരേന്ദ്രൻ ബോധവത്കരണ ക്ലാസ് നൽകിയതിന് ശേഷം പിഴ ഈടാക്കി വിട്ടു. രൂപഘടനയിൽ മാറ്റം വരുത്തിയ ആഡംബര കാറുകൾ, ബുള്ളറ്റ്, ഡ്യൂക്ക്, പൾസർ, എഫ്ഇസഡ്, യമഹ വൈ.ബി.എക്‌സ്, ഹോണ്ട ട്വിസ്റ്റർ ബെെക്കുകൾ എന്നിങ്ങനെ അൻപതോളം വാഹനങ്ങളും പിടിയിലായതിൽ ഉൾപ്പെടും. പിടികൂടിയ ചില വാഹനങ്ങളുടെ നമ്പർ പെട്ടെന്ന് വായിക്കാൻ പറ്റുന്ന രീതിയിലുള്ളതായിരുന്നില്ല. ഇത്തരത്തിൽ പിടികൂടിയ വാഹനങ്ങൾ മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ഉടമകൾക്ക് വിട്ടു നൽകൂ എന്ന് കമ്മിഷണർ അറിയിച്ചു.
പൊലീസ് പിടിയിലായവർ
മദ്യപിച്ച് സ്കൂൾ ബസ് ഡ്രെെവർമാർ- 3
മദ്യപിച്ച് വാഹനമോടിച്ച മറ്റ് ഡ്രെെവർമാർ- 67
അമിത വേഗതയിൽ വാഹനമോടിച്ചവർ- 40
പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവർ- 20
വാഹനം രൂപമാറ്റം വരുത്തിയവർ- 50