ഷാർജ : എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിൽ സൗദി അറേബ്യയുടെ കനവുകൾ അരിഞ്ഞുവീഴ്ത്തി ജപ്പാന്റെ ക്വാർട്ടർ പ്രവേശനം. ഇന്നലെ ഷാർജയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജപ്പാൻ സൗദി അറേബ്യയ്ക്ക് മടക്ക ടിക്കറ്റ് നൽകിയത്. 20-ാം മിനിട്ടിൽ ഒരു തകർപ്പൻ ഹെഡറിലൂടെ ടക്കേഹിറോ തോമിയാസ് നേടിയ ഗോളിനാണ് ജപ്പാന്റെ ജയഭേരി.
ഇരുവശത്തും അവസരങ്ങൾക്ക് വഴിതുറക്കാതെ വിരസമായ മത്സരത്തിൽ ലഭിച്ച അവസരം കൃത്യമായി മുതലാക്കാനായതാണ് ജപ്പാന് തുണയായത്.
ഗ്രൂപ്പ് റൗണ്ടിൽ പ്രതിരോധാത്മക ഫുട്ബാൾ കളിച്ചതിന്റെ പേരിൽ വിമർശനങ്ങൾ കേട്ട സൗദി പ്രീക്വാർട്ടറിലും അതിൽ മാറ്റമൊന്നും വരുത്തിയില്ല.
കഴിഞ്ഞദിവസം നടന്ന പ്രീക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ വിയറ്റ്നാം, ചൈന, ഇറാൻ എന്നിവർ വിജയം നേടി. വിയറ്റ്നാം പെനാൽറ്റി ഷൂട്ടൗട്ടിൽ ജോർദാനെ തോൽപ്പിച്ചപ്പോൾ ചൈന 2-1ന് തായ്‌ലൻഡിനെയും ഇറാൻ 2-0 ത്തിന് ഒമാനെയും കീഴടക്കുകയായിരുന്നു.
8
തുടർച്ചയായ എട്ടാം തവണയാണ് ജപ്പാൻ ഏഷ്യൻ കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയത്.
4
തവണ കിരീടമുയർത്തിയവരാണ് ജപ്പാൻകാർ.