story

പാലോട്: കാർഷിക വിളകളെ സംരക്ഷിച്ച് കർഷകർക്ക് വിത്തുകൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് കാൽ നൂറ്റാണ്ട് മുമ്പ് പെരിങ്ങമ്മലയിൽ ആരംഭിച്ച ജില്ലാ കൃഷിത്തോട്ടം അവഗണിക്കപ്പെടുന്നതായി പരാതി. കൃഷിവകുപ്പിന്റെ നിർദ്ദേശം അവഗണിച്ച് ഏക്കർ കണക്കിന് പ്രദേശം തരിശ് ഇട്ടിരിക്കുന്നതായാണ് പ്രധാന ആരോപണം. ലക്ഷങ്ങൾ മുടക്കി കൃഷി ഇറക്കിയ സ്ഥലങ്ങളിൽ വെള്ളമൊഴിക്കാതെ വിളകൾ കരിഞ്ഞുണങ്ങുന്നു. തേക്ക്,

വീട്ടി

മുതലായ വിലപിടിപ്പുള്ള മരങ്ങളുടെ ചോട്ടിൽ കളകൾ കൂട്ടിയിട്ട് തീയിടുന്നതായും പിന്നീട് ചുവടെരിഞ്ഞ് നിലം പതിക്കുമ്പോൾ രഹസ്യമായി മുറിച്ചു കടത്തുകയാണെന്നും ആക്ഷേപമുണ്ട്. കൃഷിക്ക് നിലമൊരുക്കാനെന്ന പേരിൽ ഫാം അതിർത്തിയിലെ ചോലക്കാടുകൾ മാസങ്ങൾക്ക് മുമ്പ് വെട്ടിത്തെളിച്ചിരുന്നു. ആദിവാസികൾ ഉൾപ്പെടെ ആരാധന നടത്തുന്ന ഫാമിലെ ആയിരവില്ലി കാവും പരിസരവും വെട്ടിത്തെളിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ അധികൃതർ.

കൃഷി വകുപ്പിന്റെ ഉടമസ്ഥതയിൽ ജില്ലാപഞ്ചായത്തിന് പരിപാലന ചുമതലയുള്ള തോട്ടത്തിൽ ഫലവൃക്ഷങ്ങളും പച്ചക്കറികളും കിഴങ്ങുവിളകളും പൂച്ചെടികളും സമൃദ്ധമായി വളർന്നിരുന്നു. ഒരുകാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കർഷകരാണ് നിത്യേന ഇവിടെ സന്ദർശിച്ചിരുന്നത്. ഇപ്പോൾ അരങ്ങേറുന്ന നടപടികൾ കൃഷിത്തോട്ടത്തിന്റെ തകർച്ചയ്ക്കും തൊഴിൽ നഷ്ടത്തിനും ഇടയാക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.

 നിരവധി കുടുംബങ്ങളുടെ ജീവനോപാധി

79 സ്ഥിരം തൊഴിലാളികളും 106 കാഷ്യൽ ജീവനക്കാരും 13 ദിവസ വേതനക്കാരുമുൾപ്പെടെ 198 പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളുടെ ജീവനോപാധിയാണ് കൃഷിത്തോട്ടം. ഏഴാം ബ്ലോക്ക് എന്നറിയപ്പെടുന്ന 40 ഹെക്ടർ പ്രദേശത്തെ 15 ഏക്കറാണ് 'മാലിന്യത്തിൽ നിന്ന് വൈദ്യുതി' ഉത്പാദിപ്പിക്കുന്ന പ്ലാന്റിന് വേണ്ടി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. പ്ലാന്റിനെതിരെ തൊഴിലാളികളും ആദിവാസികളുമടക്കം ഇരുനൂറു ദിവസത്തിലേറെയായി കൃഷിത്തോട്ടത്തിന് മുന്നിൽ പന്തൽ കെട്ടി സമരത്തിലാണ്. സ്ഥലം തരിശിടരുതെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദേശിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തുമ്പോഴും ഫാമിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ബന്ധപ്പെട്ടവർ താത്പര്യമെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്.