തിരുവനന്തപുരം: "ഓർക്കുമ്പോഴെല്ലാം കനത്ത വിഷാദം നിറയുന്നൊരു വയലിൻ നാദമായി ബാലുവിന്റെ ചിരി തെളിഞ്ഞുവരും. ബാലു മരിച്ചിട്ടില്ല; ഒരു വയലിനുമായി അവൻ എവിടെയോ ഉണ്ട്."കീബോർഡിൽ വിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസ്സിയുടെ വാക്കുകൾ പതറി. ബാലഭാസ്‌കർ ഓർമ്മയായിട്ട് രണ്ടു മാസവും 20 ദിവസവും പിന്നിട്ട ഇന്നലെ, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ സംഘടിപ്പിച്ച 'ബാലഭാസ്‌കർ സ്മൃതിഗീതം' പരിപാടിയിൽ പ്രിയസുഹൃത്തിനെയോർത്ത് സ്റ്റീഫൻ വിതുമ്പി.
സ്റ്റീഫനും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിച്ച മ്യൂസിക്ക് ഫ്യൂഷൻ ബാലഭാസ്‌കറിനുള്ള സ്നേഹസമർപ്പണമായി. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ബാലു ആശുപത്രിയിലായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന നിമിഷങ്ങളോർത്താണ് സ്റ്റീഫൻ സംസാരിച്ചു തുടങ്ങിയത്. പരിപാടിക്ക് എത്തിയ ബാലുവിന്റെ അച്ഛൻ സി.കെ ഉണ്ണി. സുഹൃത്തുക്കൾ പങ്കുവച്ച ഓർമ്മകൾക്കു മുന്നിൽ ഹൃദയഭാരം താങ്ങാനാകാതെ ഇടയ്ക്കുവച്ച് വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ബാലുവിന്റെ മാസ്റ്റർപീസ് 'കവർസോംഗു'കളാണ് സ്റ്റീഫൻ അവതരിപ്പിച്ചത്. 'കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി...','ഉയിരേ...','കാതൽ റോജാവേ...','ആയിരം കണ്ണുമായ്...'എന്നീ പാട്ടുകളുടെ ഫ്യൂഷൻ അവതരണത്തിനു മുന്നിൽ സദസ്സിന്റെ കണ്ണു നനഞ്ഞു. സൂര്യ സാംസ്കാരിക സമിതിക്കായി ബാലു ഒരുക്കിയ അവതരണഗീതവും മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗാനങ്ങളായ 'തുമ്പീവാ തുമ്പക്കുടത്തിൽ...','ഉണ്ണികളേ ഒരു കഥ പറയാം...', 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ...' എന്നിവയുടെ അവതരണവും പരിപാടിയിൽ ബാലുവിന്റെ അദൃശ്യസാന്നിധ്യം നിറയ്ക്കുന്നതായി.ബാലുവിന്റെ മരണശേഷം ആദ്യമായിട്ടായിരുന്നു തിരുവനന്തപുരത്ത് സ്റ്റീഫൻ ദേവസ്സിയുടെ സംഗീതപരിപാടിക്കായി.
അനുസ്മരണസമ്മേളനം മന്ത്രി എ.കെ ബാലനും കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. പ്രഭാവർമ്മ, സൂര്യ കൃഷ്ണമൂർത്തി, ചെറിയാൻ ഫിലിപ്പ്, രാജശ്രീ വാര്യർ, ജി.ശ്രീറാം, ഡോ.ബി.ഇക്ബാൽ, രാജ്‌മോഹൻ തുടങ്ങിയവർ നിലവിളക്കു തെളിച്ച് പരിപാടിക്ക് തുടക്കമിട്ടു.