af
AFGANISTAN

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 126 സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. കാബൂളിൽ നിന്ന് 44 കിലോമീറ്റർ അകലെ മൈദാൻ ഷഹറിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയാണ് ആക്രമണം. പരിശീലന കേന്ദ്രത്തിലേക്ക് ചാവേറുകൾ കാർ ഇടിച്ചു കയറ്റുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. നിസാര പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കാബൂളിലേക്ക് കൊണ്ടുപോയി. 12 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ 126 പേർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ തെക്കൻ ലോഗാർ പ്രവിശ്യയിൽ ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.