പാരിപ്പള്ളി: മൈലാടുംപാറയിൽ ഗൃഹനാഥനെ പ്ളസ് ടു വിദ്യാർത്ഥി നാടൻ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രഭാത സവാരിക്കിടെ ഉണ്ടായ നിസാര വഴക്ക്. കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു ബോംബെറിഞ്ഞത്. പാരിപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തുമ്പ സ്റ്റേഷൻകടവ് പനച്ചിമൂട്ടിൽ അഖിലിനെയാണ് (19) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ പാൽ വാങ്ങാൻ പോവുകയായിരുന്ന പ്രദേശവാസിയായ അഫ്സലിനെ പിന്തുടർന്ന് മൈലാടുംപാറ - ഇ.എസ്.ഐ റോഡിൽ വച്ച് അഖിൽ നാടൻ ബോംബെറിയുകയായിരുന്നു. ബോംബ് ദേഹത്ത് തട്ടാതെ റോഡിൽ വീണ് പൊട്ടിയതിനാൽ അഫ്സലിന് പരിക്കേറ്റില്ല. ഉഗ്രശബ്ദം കേട്ട് നാട്ടുകാർ ഒാടിക്കൂടിയപ്പോഴേക്കും പ്രതി ഒാടിമറഞ്ഞു. വിവരമറിഞ്ഞെത്തിയ പാരിപ്പള്ളി എസ്.ഐ രാജേഷ്, എ.എസ്.ഐ സലിം, സി.പി.ഒ മിഥുൻ എന്നിവർ ചേർന്ന് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് അഞ്ച് ബോംബുകൾ പൊലീസ് കണ്ടെടുത്തു. പ്രതിയെ ഇന്ന് പരവൂർ കോടതിയിൽ ഹാജരാക്കും.
കത്തിക്കുത്ത് കേസിലും ഉൾപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ നാട്ടിൽ എതിർപ്പ് ശക്തമായതോടെയാണ് തിരുവനന്തപുരം സ്വദേശിയായ അഖിൽ നാല് മാസം മുമ്പ് പാരിപ്പള്ളിയിലെത്തിയത്. ബോംബ് നിർമ്മിച്ചതിനും ഉപയോഗിച്ചതിനും അഖിലിനെതിരെ തുമ്പ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുണ്ട്. വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. അഖിലിനെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പ്ലസ് ടുവിന് ചേർത്തിരുന്നു.
തിരുവനന്തപുരത്ത് നിന്ന് ഉത്സവ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന അമിട്ട് വാങ്ങി വെടിമരുന്ന് വേർതിരിച്ച് അതിനോടൊപ്പം മെറ്റൽ, കുപ്പിച്ചില്ല്, ആണി എന്നിവ ചേർത്താണ് ഇയാൾ നാടൻ ബോംബ് നിർമ്മിച്ചിരുന്നത്. അഖിലിന്റെ ബാഗിൽ നിന്ന് പിടിച്ചെടുത്ത അഞ്ച് ബോംബുകൾ കൊല്ലത്ത് നിന്നെത്തിയ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. വാടക വീട്ടിലെ കക്കൂസിൽ വച്ചാണ് ബോംബുകൾ നിർമ്മിച്ചത്. ഇവയ്ക്ക് കെട്ടിടങ്ങൾ വരെ തകർക്കാനുള്ള ശേഷിയുണ്ടെന്ന് പൊലീസ് പറഞ്ഞു.