കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടി ബി.ജെ.പി ജനവിധി അട്ടിമറിച്ചുവെന്നാണ് അമേരിക്കൻ സൈബർ വിദഗ്ദ്ധനെന്ന് അവകാശപ്പെടുന്ന സയീദ് ഷൂജയുടെ ആരോപണം. സംഭ്രമജനകമായ ഒരു അപസർപ്പക കഥയോടാണ് ഈ ആരോപണത്തിന് സാമ്യം. ഒരു കൊലപാതക പരമ്പര തന്നെ അട്ടിമറിയുമായി ബന്ധപ്പെട്ട് അരങ്ങേറി പോലും! കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടു! ആ മരണം അന്വേഷിച്ച എൻ.ഐ.എ ഓഫീസർ തൻസിൽ അഹമ്മദും എഫ്.ഐ.ആർ സമർപ്പിക്കാനിരിക്കെ കൊല്ലപ്പെട്ടു! വോട്ടിംഗ് യന്ത്രത്തിലെ തിരിമറി റിപ്പോർട്ട് ചെയ്യാമെന്ന് സമ്മതിച്ച പത്രപ്രവർത്തകയായ ഗൗരി ലങ്കേഷും കൊല്ലപ്പെട്ടു ! മാത്രമല്ല, തിരഞ്ഞെടുപ്പ് വേളയിൽ തന്നെ കൃത്രിമം കണ്ടെത്തിയ തന്നെയും സംഘത്തെയും വെടിവച്ചുവെന്നും സഹപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും കൂടി ഷൂജ ആരോപിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേയാണ് അട്ടിമറിയിൽ റിലയൻസ് കമ്പനിക്കും പങ്കുണ്ടെന്ന എരിവുള്ള മസാല.
ആദ്യഭാഗത്ത് കടംകഥയുടെ സ്വഭാവം ആർജിക്കുന്നതാണ് അപസർപ്പക കഥകളുടെ സാമ്പ്രദായികരീതി. കടംകഥ പോലെ ചില ചോദ്യങ്ങൾ ഷൂജയുടെ ആരോപണവും സൃഷ്ടിച്ചിട്ടുണ്ട്. ബി.ജെ.പി നടത്തിയ ഒരു കൃത്രിമത്തെക്കുറിച്ച് അറിഞ്ഞതിന് ആ പാർട്ടിയുടെ നേതാവ് കൂടിയായ ഒരു കേന്ദ്രമന്ത്രിയെ എന്തിന് വധിക്കണം? തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് തെളിയിക്കാൻ സാധിക്കുമെങ്കിൽ, ആ വിവരം റിപ്പോർട്ട് ചെയ്യാനുള്ള ധൈര്യം രാജ്യത്ത് ഗൗരി ലങ്കേഷിന് മാത്രമേയുണ്ടായിരുന്നുള്ളോ? കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രതിപക്ഷത്തായിരുന്ന ബി.ജെ.പിക്ക് എങ്ങനെ വോട്ടെടുപ്പിൽ വ്യാപകമായി കൃത്രിമം നടത്താൻ സാധിച്ചു? സഹപ്രവർത്തകർ കൊല്ലപ്പെട്ടിട്ടും ഈ വിവരം ഇത്രയും കാലം ഷൂജ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല? നാല് ചോദ്യങ്ങളും യുക്തിബോധത്തെ കൊഞ്ഞനംകാട്ടുന്നവയാണ്.
കഥയുടെ ക്ലൈമാക്സ് അറിയാൻ കണ്ടെത്തേണ്ടത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന് : രാജ്യത്തെ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തെ അട്ടിമറിക്കാൻ കച്ചവട താത്പര്യത്തോടെ ഏതെങ്കിലും വിദേശശക്തികൾ ഗൂഢശ്രമം നടത്തുന്നുണ്ടോ? രണ്ട് : നിലവിൽ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച് വരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തി ജനവിധി അട്ടിമറിക്കാൻ സാധിക്കുമോ?
പുതിയ പകർച്ചവ്യാധികളെക്കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിച്ച് വിദേശ ഔഷധക്കമ്പനികൾ ലോകമാകെ പ്രതിരോധമരുന്നുകൾ വൻതോതിൽ വിറ്റഴിക്കുന്ന കാലമാണ് ഇത്. കച്ചവടം കൊഴുപ്പിക്കാൻ ആഗോളഭീമന്മാർ ഏത് ഹീനതന്ത്രവും പ്രയോഗിക്കും. കടലാസ് ബാലറ്റിലേക്ക് രാജ്യം തിരിച്ചുപോകണമെന്ന പിന്തിരിപ്പൻ ആവശ്യം പോലും ഒരു ഗൂഢതന്ത്രത്തിന്റെ ഭാഗമായി പറത്തിവിടുന്നതാവാം. വോട്ടിംഗ് യന്ത്രങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ കടലാസ് ബാലറ്റ് എന്ന ആവശ്യവും കളഞ്ഞെന്ന് വരും. 'മേന്മയേറിയ" വോട്ടിംഗ് യന്ത്രങ്ങൾ ഇറക്കുമതി ചെയ്യണമെന്ന ആവശ്യമായിരിക്കും പകരം ഉയർന്നുവരിക. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യാനുള്ള സാദ്ധ്യത മുളയിലേ നുള്ളുകയാണോ ഗൂഢലക്ഷ്യമെന്നും അന്വേഷിച്ചാലേ അറിയാനാകൂ.
ലോകത്ത് 20 രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിൽ മാത്രമല്ല ബ്രസീലിനെ പോലുള്ള വികസ്വര രാജ്യങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗാണ് രീതി. കടലാസ് ബാലറ്റിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം ഇന്ത്യയിൽ ഒഴികെ ഒരു രാജ്യത്തും ഉയരുന്നില്ല. ബി.ജെ.പിക്ക് വോട്ടെടുപ്പിൽ കൃത്രിമം നടത്താൻ സാധിക്കുമെങ്കിൽ കഴിഞ്ഞ നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചത് എങ്ങനെയെന്ന ചോദ്യവുമുണ്ട്.
രാജ്യത്ത് നിലവിലുള്ള ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തെക്കുറിച്ച് ഗുരുതരമായ സംശയങ്ങൾ സൃഷ്ടിച്ച് ഇറക്കുമതിക്ക് കളമൊരുക്കുകയാണോ ഷൂജയുടെ ആരോപണത്തിന് പിന്നിലെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണ്. നിയമ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അത് മാത്രം പോരാ. സൈബർ രംഗത്തെ ഉന്നതശാസ്ത്രജ്ഞരുടെ ഒരു സമിതി രൂപീകരിച്ച് വോട്ടിംഗ് യന്ത്രങ്ങളുടെ 'പരിശുദ്ധി" തെളിയിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യാത്തിടത്തോളം തത്പരകക്ഷികൾ സംശയങ്ങളുടെ പുകമറ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. കാൽനൂറ്റാണ്ടിലേറെ മുമ്പ്, 1991ൽ സ്വന്തമായി സൂപ്പർ കമ്പ്യൂട്ടർ നിർമ്മിക്കാൻ സാധിച്ച ഇന്ത്യൻ ശാസ്ത്രസമൂഹത്തിന് വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്താൻ സാധിക്കുമോയെന്ന് കണ്ടെത്താനാണോ ബുദ്ധിമുട്ട് !