പാറശാല: ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില അതീവ ഗുരുതരം. ബൈക്ക് യാത്രക്കാരനായ മാർത്താണ്ഡം സ്വദേശി അരുൺരാജ് (46) ആണ് മരിച്ചത്. സഹയാത്രികനായ വിജയകുമാർ (36) മാർത്താണ്ഡം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാവിലെ 7ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് പാറശാല പരശുവയ്ക്കൽ ജംഗ്ഷനു സമീപം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അരുൺരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ഇന്നലെ ഉച്ചയ്ക്ക് 2ന് മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. പാറശാല പൊലീസ് കേസെടുത്തു.