ഈ ഫോട്ടോയിൽ കാണുന്ന പുള്ളിയാണ് ഇന്ത്യയിൽ ആദ്യമായി ആദായ നികുതി എന്ന സമ്പ്രദായം ഏർപ്പെടുത്തിയത്. ബ്രിട്ടണിൽ നിന്ന് വന്ന സ്കോട്ടിഷ്‌കാരൻ ജയിംസ് വിൽസൺ.
1860-ൽ ഇന്ത്യയിലെ ആദ്യ ബഡ്ജറ്റിലാണ് ഇൻകം ടാക്സ് നിയമം അവതരിപ്പിച്ചത്. ഇന്ത്യക്കാർക്ക് സമാധാനപരമായ ജീവിതവും സ്വതന്ത്രമായ വ്യാപാരവും ബ്രിട്ടീഷ് ഭരണാധികാരികൾ ഉറപ്പാക്കുന്നതിനാൽ ന്യായമായും അവരിൽ നിന്നും സമ്പാദ്യത്തിന്റെ ഒരംശം നികുതിയായി പിരിക്കാം എന്നതാണ് വിൽസൺ അതിന് പറഞ്ഞ ന്യായം.
1859, നവംബർ 29നാണ് വിൽസൺ ഇന്ത്യയിൽ വന്നത്. ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാരും ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് നമ്മളും വിളിക്കുന്ന സംഭവത്തിന് രണ്ട് വർഷം കഴിഞ്ഞായിരുന്നു വരവ്. ലഹള കാരണം ബ്രിട്ടീഷുകാരുടെ ഖജനാവ് കാലിയായിരുന്ന വേളയിലായിരുന്നു ഇത്. സമരം അടിച്ചമർത്തുന്നതിന് സൈനിക ശക്തി കൂട്ടേണ്ടി വന്നതിനാൽ ചെലവ് കുതിച്ചുയർന്നിരുന്നു. വിപണിയുടെ സ്വഭാവത്തെക്കുറിച്ച് സ്വയം നടത്തിയ പഠനങ്ങളിലൂടെ മികച്ച സാമ്പത്തിക വിദഗ്ദ്ധനെന്ന പേര് വിൽസൺ ഇംഗ്ളണ്ടിൽ അതിനകം ആർജ്ജിച്ചിരുന്നു. അതിനാലാണ് വിൽസണെ രാജകുടുംബം ഇന്ത്യയിലേക്ക് നിയോഗിച്ചത്.
സ്വതന്ത്ര വിപണി എന്ന ആശയത്തെ അക്കാലത്ത് തന്നെ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു വിൽസൺ. വിൽസൺ എഡിറ്ററായ ദി ഇക്കണോമിസ്റ്റ് എന്ന മാസിക കോളനി ഭരണത്തെ ന്യായീകരിച്ചിരുന്നെങ്കിലും വിപണി സ്വതന്ത്രമായിരിക്കണമെന്ന് വാദിച്ചിരുന്നു.
വിൽസന്റെ ആദായ നികുതി നിയമം ബ്രിട്ടീഷുകാർക്ക് ഒരു വൻ വരുമാനത്തിന്റെ വാതിൽ തുറന്നെങ്കിലും ജമീന്തർമാരുടെയും ഭൂ ഉടമകളുടെയും ബിസിനസുകാരുടെയും വൻ എതിർപ്പിനും അക്കാലത്ത് ഇടയാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി ആദായ നികുതി നൽകാതെ ഒഴിഞ്ഞുമാറിയവർ നിരവധിയാണ്. ഈ ആധുനിക കാലത്തും ആ പ്രവണത അവസാനിച്ചിട്ടില്ല. 2016 ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യയിൽ 24.4 ലക്ഷം പേർ തങ്ങളുടെ വരുമാനം 10നും 25 ലക്ഷത്തിനും ഇടയിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർ ആദായ നികുതിയും അടയ്ക്കുന്നു. പക്ഷേ ഇന്ത്യയിൽ 25 ലക്ഷം പുതിയ കാറുകളാണ് ഓരോ വർഷവും വിറ്റുപോകുന്നത്. ഇതിൽ 35000 എണ്ണം ആഡംബര കാറുകളാണ്. അതായത് ഇനിയും പലരും ആദായ നികുതിയുടെ വലയ്ക്ക് പുറത്താണെന്ന് വ്യക്തമാണ്. ഒരു പക്ഷേ വിൽസൺ വന്നില്ലായിരുന്നെങ്കിൽ ആദായ നികുതി സമ്പ്രദായം വരില്ലായിരുന്നു എന്ന് വെറുതെ മോഹിക്കാൻ നികുതി നൽകുന്നവർക്കൊക്കെ മോഹം കാണും.