കാട്ടാക്കട: ഇത് 67കാരി ബെൽസി ടീച്ചർ. കോഴിക്കോട് നടന്ന 39-ാമത് മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് മത്സരത്തിൽ 65 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സുവർണ നേട്ടം കൈവരിച്ച ടീച്ചർ ഇപ്പോൾ കായികരംഗത്ത് ശ്രദ്ധേയ താരമാണ്. മണലിവിള മൂക്കംപാലമൂട് എം.ബി.ആർ ഹൗസിൽ മാർക്കോസിന്റെ ഭാര്യയായ ബെൽസി ടീച്ചറുടെ അടുത്ത ലക്ഷ്യം ദേശീയ അത്‌ലറ്റിക്‌സാണ്.
100, 200, 400 മീറ്റർ ഓട്ടമത്സരം 400 മീറ്റർ റിലേ, നടത്തം എന്നിങ്ങനെ മത്സരിച്ച അഞ്ചിനങ്ങളിലും നേട്ടം കൈവരിക്കാൻ ഇവർക്ക് കഴിഞ്ഞു. പത്താം ക്ലാസ് വരെ സ്കൂൾ തല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാനതലമത്സരത്തിന് പങ്കെടുക്കുന്നത്. പരിശീലനത്തിന് യുവാക്കളുടെ ആവേശത്തോടെയാണ് ബെൽസി പങ്കെടുത്തതെന്ന് പരിശീലകരിൽ ഒരാളും ജില്ലാ ട്രഷർ കൂടിയായ രാജൻ പറഞ്ഞു. ഫെബ്രുവരി 1,2,3 തീയതികളിൽ നാസിക്കിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ടീച്ചർ ഇപ്പോൾ. ഇവിടെ വിജയിച്ചാൽ തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സിലും തുടർന്ന് ലോക അത്‌ലറ്റിക്‌സിലും പങ്കെടുക്കാൻ ഇവർ യോഗ്യത നേടും.
അഗൻവാടി അദ്ധ്യാപികയായി വിരമിച്ച ശേഷം ജഗതിയിലെ സീനിയർ സിറ്റിസൺ കൂട്ടായ്മയിൽ അംഗമായതാണ് ഇപ്പോൾ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കാൻ ഇടയാക്കിയതെന്ന് ബെൽസി ടീച്ചർ പറഞ്ഞു. 30വർഷത്തെ അംഗൻവാടി സേവനത്തിനിടയിൽ 2012ൽ ഏറ്റവും നല്ല അംഗൻവാടി അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡും ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കാട്ടാക്കട താലൂക്കിലെ ഇലക്‌ഷൻ വിഭാഗത്തിൽ മൂക്കംപാലമൂട് ബൂത്ത് ലെവൽ ഓഫിസാറായി സേവനം അനുഷ്ഠിക്കുകയാണ്. വയോധികർക്കായി പകൽവീട് ഒരുക്കുകയെന്നതാണ് ടീച്ചറുടെ ആഗ്രഹം.
കാട്ടാക്കട താലൂക്ക് ഓഫീസിൽ ഐ.ബി. സതീഷ് എം.എൽ.എ എത്തി ബെൽസി ടീച്ചറെ ആദരിച്ചു. സി.പി.എം നേതാക്കളായായ എസ്. വിജയകുമാർ, പി.എസ്. പ്രഷീദ് എന്നിവരും എം.എൽ.എയ്ക്കൊപ്പം പങ്കെടുത്തു.