കഴിഞ്ഞ അഞ്ചുമാസക്കാലമായി ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തന്മാരുടെ ആകുലത വർദ്ധിപ്പിച്ചുകൊണ്ട് ഒരു ശബരിമല സീസൺ കഴിഞ്ഞിരിക്കുന്നു. മഹാപ്രളയത്തിൽപ്പെട്ട് നട്ടെല്ല് തകർന്നിരിക്കുന്ന നാടിനെ അശാന്തിയിലേക്കും അക്രമത്തിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടുകൊണ്ട് യുവതീ പ്രവേശനം എന്ന ദുർഭൂതം ശബരിമലയെ അക്ഷരാർത്ഥത്തിൽ തന്നെ വേട്ടയാടിയത് പിടയുന്ന മനസോടെ ഭക്തകോടികൾ കണ്ട് കണ്ണുനീർ വാർത്തു. ലോകത്തിലെ ഒരു ആരാധനാലയത്തിനും അവകാശപ്പെടാനാവാത്ത തനതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് അനുഗൃഹീതമായ ശബരിമലയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയപ്പോൾ തകർന്നു പോയത് ഭക്തരുടെ മനസാണ്.
1991 ലെ കോടതിവിധിക്ക് മുൻപ് അവിടെ യുവതികൾ പ്രവേശിച്ചിരുന്നുവെന്നും പൂജകൾ നടത്തിയിരുന്നുവെന്നും തെളിവുകൾ നിരത്തി പലരും യുവതീ പ്രവേശനത്തെ അനുകൂലിക്കുമ്പോൾ അതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്ന് എതിർ ചേരിയിലുള്ളവർ അവകാശപ്പെടുന്നു. കാടിന്റെ മധ്യത്ത് സ്ഥിതിചെയ്യുന്ന അതി മനോഹരമായ എത്തിപ്പെടാൻ ആയാസമുള്ള ആ പൂങ്കാവനത്തിലെത്തി അയ്യനെ കാണാൻ കൊതിക്കുന്ന യഥാർത്ഥ ഭക്തർക്കെല്ലാം അവിടുത്തെ ആചാരങ്ങൾ അറിയാം. അതുകൊണ്ടുതന്നെ അതെല്ലാം പാലിച്ചുകൊണ്ടുതന്നെ അവർ മല കയറുന്നു.
ശബരിമല സ്ത്രീപ്രവേശനത്തെക്കുറിച്ചുണ്ടായ സുപ്രീം കോടതിവിധി കേരളത്തിലെ ക്ഷേത്രങ്ങളെയും ആചാര രീതികളെയും ആരാധനാസമ്പ്രദായത്തെയുമെല്ലാം ബാധിച്ചിട്ടുണ്ട്. ആർത്തവം അശുദ്ധമല്ല, ആ സമയങ്ങളിലും ക്ഷേത്രത്തിൽ പോകാം എന്നുള്ള ആ വിധി ഞെട്ടലോടെയാണ് ഭക്തർ കേട്ടത്. കേരളത്തിലെ ക്ഷേത്രങ്ങൾക്കു മാത്രം അവകാശപ്പെടാവുന്ന ശുദ്ധവും വൃത്തിയും ഒരു കോടതിവിധിയിലൂടെ തകർന്നു പോവുമോ എന്ന് ഭക്തർ ആകുലതയോടെ ചിന്തിക്കുന്നു. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ രക്തം, മലം, മൂത്രം,വിയർപ്പ്, കഫം തുടങ്ങിയ സ്രവങ്ങൾ എല്ലാം ശരീരത്തിനു പുറത്തുവന്നാൽ വിസർജ്യങ്ങളാണ്. ആ വിസർജ്യങ്ങളുമായി പരിപാവനമായ ക്ഷേത്രസന്നിധിയിലേക്ക് പ്രവേശിക്കുമ്പോൾ അവിടം മലിനമാകുമെന്നതിന് ഒരു സംശയവും വേണ്ട. മറ്റൊരു പ്രത്യേകത അയ്യപ്പന്റെ പ്രതിഷ്ഠയുടെ കാര്യമാണ്. യോഗീഭാവത്തിൽ ഇരിക്കുന്ന അയ്യപ്പന്റെ മുന്നിൽ ഇത്തരത്തിൽ പങ്കിലമായ ശരീരത്തോടെ ഒരു യുവതി എത്തിയാൽ അവിടെ ഒരു നെഗറ്റീവ് എനർജിക്ക് കാരണമാകാം.
ഒരു വിശിഷ്ടവ്യക്തിയെ കാര്യസാധ്യത്തിനായി കാണാൻ പോകുമ്പോൾ ഏറ്റവും നല്ല വേഷത്തിൽ തന്നെയായിരിക്കുമല്ലോ പോകുന്നത്. ആർത്തവം ഒരു ശാരീരിക പ്രവർത്തനമാണ്. അയ്യപ്പന്റെ സന്നിധിയിൽ വച്ച് അങ്ങനെയുണ്ടായാൽ അത് ആ ദേവ ഹിതത്തിനെതിരായിരിക്കും. അതുകൊണ്ടുതന്നെ അവിടെ ശുദ്ധിക്രിയയും പുണ്യാഹവും വേണ്ടിവരും. ഇതെല്ലാം കണക്കിലെടുത്താണ് യുവതീ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ ദൈവസങ്കല്പവും സെമറ്റിക് ദൈവസങ്കല്പവും വ്യത്യസ്തങ്ങളാണ്. സെമറ്റിക് സങ്കല്പപ്രകാരം സ്വർഗത്തിൽ വസിക്കുന്ന ദൈവത്തെ പ്രാർത്ഥിക്കാനായി ഒരുമിച്ചു കൂടുന്ന സ്ഥലമാണ് ആരാധനാലയം. എന്നാൽ ക്ഷേത്രങ്ങളിലാവട്ടെ അതേ ഈശ്വരനെ ഒരു പ്രതിഷ്ഠയിൽ ആവാഹിച്ച് അതിനെ ദേവതാരൂപത്തിൽ പൂജിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. അങ്ങനെ വരുമ്പോൾ പരബ്രഹ്മത്തിന്റെ സത്വ, രജ, തമോ ഗുണങ്ങളുടെ പ്രതിബിംബമാണ് ദേവൻ അല്ലെങ്കിൽ ദേവത. അക്കാരണത്താൽ തന്നെ ആ ദേവതയ്ക്ക് വിവിധ ഭാവങ്ങൾ കൈവരുന്നു. അതിനനുസൃതമായി പൂജാസമ്പ്രദായങ്ങളിലും ആചാരങ്ങളിലും വ്യത്യസ്തയുണ്ടാവുന്നു. ഈ കാരണങ്ങളാൽ തന്നെ ഏക രൂപകമായ പൂജാവിധി ക്ഷേത്രങ്ങളെ സംബന്ധിച്ചിടത്തോളം സാധ്യമല്ല എന്ന് മനസിലാക്കാവുന്നതാണ്. 'തന്ത്രസമുച്ചയം" പോലെയുള്ള ഗ്രന്ഥങ്ങളിൽ വിവിധ രീതിയിലുള്ള പൂജാക്രമങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങൾ ആ ദേവന്റെ പ്രതിഷ്ഠാ വേളയിലെ ഭാവത്തെ അനുസരിച്ചാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ സംരക്ഷകനാണ് തന്ത്രി. ക്ഷേത്രത്തിലെ ദൈനംദിന പൂജകൾ, വിശേഷാൽ പൂജകൾ ഇവയെല്ലാം ഏതുതരത്തിലാവണം എന്നതിലും കലശം, കളഭം, ഉത്സവം, പുനഃപ്രതിഷ്ഠ തുടങ്ങിയ സന്ദർഭങ്ങളിലും അവസാന വാക്ക് ക്ഷേത്രതന്ത്രിയുടേതാണ്. ഗുരുവായൂർ, ശബരിമല, ആറ്റുകാൽ, ചക്കുളത്തുകാവ്, പത്മനാഭസ്വാമിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെല്ലാം ഭക്തികോടികളെ ആകർഷിക്കുന്നതുംഇത്തരത്തിലുള്ള ആചാരത്തനിമകൾ കൊണ്ടാണ്. മനസിന്റെ ഭാരം ഇറക്കിവച്ച് അഭീഷ്ടലബ്ധിക്കും അനുഗ്രഹത്തിനുമായി ക്ഷേത്രത്തിൽ വരുന്ന ഭൂരിഭാഗം ഭക്തരും ഇതെല്ലാം അറിഞ്ഞും ആചരിച്ചുമാണ് വരുന്നത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തെളിഞ്ഞു കത്തുന്ന നിലവിളക്കിനു മുന്നിൽ പ്രഭചൊരിഞ്ഞ് നിൽക്കുന്ന ആരാധനാമൂർത്തിയെ തൊഴുത് പ്രാർത്ഥിച്ച് പ്രസാദം വാങ്ങി മടങ്ങുമ്പോൾ കിട്ടുന്ന ആ നിർവൃതി അതിന് ഭംഗം വരുത്തുന്ന ഒന്നും ക്ഷേത്രങ്ങളിൽ സംഭവിച്ചുകൂടാ. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളും ക്ഷേത്രവക സ്വത്തുക്കളും ഏറ്റെടുക്കുമ്പോൾ അതാത് ക്ഷേത്രങ്ങളിലെ ആചാരങ്ങളും രീതികളും നിർവഹണവും പാലിച്ചുകൊള്ളാം എന്ന് സർക്കാർ വ്യവസ്ഥ ചെയ്തിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ശബരിമലയിലെ പ്രത്യേകമായ ആചാരമര്യാദകൾ സുപ്രീം കോടതിയെ വേണ്ടവിധത്തിൽ ബോദ്ധ്യപ്പെടുത്തണമായിരുന്നു. പക്ഷേ പിഴവുകൾ പലതും സംഭവിക്കുകയും വിധിവരികയും വിധി നടപ്പിലാക്കാൻ നടപടികൾ ഉണ്ടാവുകയും ചെയ്തപ്പോൾ ഭക്തരാകെ അങ്കലാപ്പിലായി. ഈ വിധിക്കെതിരെ സംഘടിച്ച് പ്രതിഷേധിച്ചത് സ്ത്രീകൾ ഭൂരിഭാഗം വരുന്ന ഭക്തരാണ്. ഈ പ്രതിഷേധം ഇന്ത്യയിലും വിദേശത്തും പടർന്ന് പിടിക്കുകയും രാഷ്ട്രീയപാർട്ടികൾ ഒപ്പം ചേരുകയും ചെയ്തു. ഇരുചേരികളിലായിനിന്ന് അവർ പോർവിളിമുഴക്കുമ്പോൾ യഥാർത്ഥ ഭക്തന്റെ നെഞ്ചുരുകുന്ന രോദനം ആരും കേൾക്കാതെ പോവുന്നു.
ഒരർത്ഥത്തിൽ ഇത്തരം വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും അതാത് ക്ഷേത്രത്തിന്റെ നിലനില്പിന്റെ അടിത്തറയാണ് . ഭക്തലക്ഷങ്ങളെ അവിടേക്ക് ആകർഷിക്കുന്നതും ഈ ആചാരം,വിശ്വാസവൈവിദ്ധ്യങ്ങളാണ്. ഇവയൊന്നുമില്ലെങ്കിൽ ഒരു മതത്തിന്റെ ആരാധനാലയത്തിനും നിലനില്പില്ല എന്ന പരമാർത്ഥം ഭരണാധികാരികൾ അവശ്യം ഉൾക്കൊള്ളണം. സുപ്രീം കോടതിവിധികൾ പലതും ഇന്നും കെട്ടഴിക്കാതെ പരണിൽ കിടക്കുമ്പോൾ ഇത്രതിടുക്കത്തിൽ ഇതുമാത്രം നടപ്പിലാക്കാൻ കാണിക്കുന്ന വ്യഗ്രത ഭക്തരെ ഭയാശങ്കയിലാഴ്ത്തുന്നു. അത് മാറ്റേണ്ടത് ബന്ധപ്പെട്ട അധികാരികളാണ്.
( ലേഖിക ബ്രാഹ്മണസഭ വനിതാ വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് )