sam
സംവരണ അട്ടിമറി പുറത്തുകൊണ്ടുവന്ന 2017 ജനുവരിയിലെ കേരളകൗമുദി റിപ്പോർട്ട്

 സർവീസിലുള്ളവർക്കും സംവരണം സാമ്പത്തിക സംവരണവും നടപ്പാക്കും150 തസ്തികകൾക്കും ബാധകം

തിരുവനന്തപുരം: പുതുതായി നടപ്പാക്കുന്ന സംസ്ഥാന ഭരണ സർവീസിലെ (കെ.എ.എസ്) എല്ലാ സ്ട്രീമുകളിലും പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് സംവരണം ബാധകമാക്കാൻ സർക്കാർ തീരുമാനിച്ചു. ചട്ടം ഭേദഗതി ചെയ്തു ഉടൻ വിജ്ഞാപനം ഇറക്കും.സാമ്പത്തിക സംവരണവും നടപ്പാക്കും. എത്ര ശതമാനം വേണമെന്ന് പിന്നാലെ തീരുമാനിക്കും.

മൂന്ന് തട്ടായി തിരിച്ച നിയമനങ്ങളിൽ പുതിയ ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്ന ഒന്നാം സ്ട്രീമിൽ മാത്രമാണ് പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് സംവരണം ബാധകമാക്കിയിരുന്നത്. സർവീസിലുള്ളവർ അപേക്ഷിക്കുന്ന രണ്ടും മൂന്നും സ്ട്രീമുകളിൽ അത് ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. ഐ. എ.എസ് പോലുള്ള ഉയർന്ന തസ്തികകളിൽ എത്താൻ സംവരണ വിഭാഗങ്ങൾക്ക് ഇതു തടസമാവുമെന്ന വിമർശനം ഇതോടെ ഉയർന്നു.സംവരണ അട്ടിമറി കേരള കൗമുദിയാണ് ആദ്യം ജനശ്രദ്ധയിൽ കൊണ്ടുവന്നത്.

എല്ലാ വകുപ്പുകളിലും ജോലിനോക്കുന്ന നോൺഗസറ്റഡും അതിനു താഴെയുമുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-2, ഗസറ്റഡ് തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാവുന്ന സ്ട്രീം-3 വിഭാഗങ്ങളിലും സംവരണം അനുവദിക്കും. ഇതോടെ കെ.എ.എസിലെ 150 തസ്തികകളിലും സംവരണം ബാധകമാവും.

മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായതെന്ന് മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തി നിയമനം നൽകുന്ന 2, 3 സ്ട്രീമുകളിൽ ബൈട്രാൻസ്‌ഫർ തസ്തികയാണെങ്കിലും നിയമനം ഓപ്പൺ എന്നു കണക്കാക്കിയാവും സംവരണം നൽകുക. സമാനമായ വാണിജ്യനികുതി, ബി.ഡി.ഒ തസ്തികകളിൽ സംവരണമില്ല.

 100 വെട്ടി 50ൽ ഒതുക്കി

2017 ഡിസംബർ 29ന് പുറപ്പെടുവിച്ച ചട്ടപ്രകാരം സ്ട്രീം-1ൽ മാത്രമാണ് സംവരണം ബാധകമാക്കിയത്.

ചീഫ്സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് തയ്യാറാക്കിയ കരടുവിജ്ഞാപനത്തിൽ 100 തസ്തികകളിൽ സംവരണമുണ്ടായിരുന്നു. അത് സ്ട്രീം-1ലെ 50 തസ്തികകളിലേക്ക് ചുരുക്കുകയായിരുന്നു. തസ്തികമാറ്റത്തിലൂടെ (ബൈട്രാൻസ്ഫർ) നിയമനത്തിന് വ്യവസ്ഥയുണ്ടാക്കിയാണ് സംവരണം ഒഴിവാക്കിയത്.

ഇക്കാര്യം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതോടെ പട്ടിക, പിന്നാക്ക വിഭാഗങ്ങളും ന്യൂനപക്ഷ സംഘടനകളും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. മുസ്ലിം സംഘടനകളും സി.പി.എം ആഭിമുഖ്യത്തിലുള്ള പട്ടികജാതി ക്ഷേമസമിതിയും പ്രക്ഷോഭത്തിനൊരുങ്ങി. ലോക് സഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തി നിൽക്കെ പ്രക്ഷോഭങ്ങൾ തിരിച്ചടിയാവുമെന്ന് കണ്ടാണ് സർക്കാർ നിലപാട് മാറ്റിയത്.

 സാമ്പത്തിക സംവരണം

കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്ക് ചട്ടമാവുന്ന മുറയ്ക്ക്, മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് സാമ്പത്തികസംവരണം നൽകും. ഇതും ആകെയുള്ള സംവരണത്തിൽ ഉൾപ്പെടുത്തും. മുന്നാക്കക്കാർക്ക് മെരിറ്റിലും, അവരിലെ ദരിദ്രർക്ക് സംവരണ വിഭാഗത്തിലും മത്സരിക്കാനാവും. പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് നൽകുന്നുവെന്ന് ആക്ഷേപമുയർന്ന ഇരട്ടസംവരണം അങ്ങനെ മുന്നാക്കക്കാർക്കും കിട്ടും.