ചിറയിൻകീഴ്: ക്ഷീര കർഷകർക്ക് നല്ലയിനം കന്നുകാലികളെ നൽകാൻ കിടാരിപാർക്ക് പദ്ധതിയിലൂടെ കഴിയുമെന്നും കേരളത്തെ പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സഹായകരമാകുന്ന പദ്ധതിയാണിതെന്നും മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. കേരള സർക്കാരിന്റെ 2018-2019 വാർഷിക പദ്ധതിപ്രകാരം ക്ഷീരവികസന വകുപ്പ് സ്ഥാപിക്കുന്ന കിടാരി പാർക്കിന്റെ സംസ്ഥാനതല ഉദ്ഘാടനവും, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും മിൽകോ ഡെയറിയും സംയുക്തമായി നടപ്പാക്കുന്ന രാത്രികാല ചികിത്സയ്ക്കുളള മൊബൈൽ മൃഗാശുപത്രിയുടെ ഉദ്ഘാടവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്യസംസ്ഥനങ്ങളിൽ നിന്ന് വാങ്ങുന്ന പശുക്കളുടെ നിലവാരമില്ലായ്മ കാരണം പശുവളർത്തൽ നഷ്ടത്തിലായതിനാൽ ക്ഷീരകർഷർ ഈ മേഖല വിടുകയാണ്. ഇതിന് പരിഹാരം കാണുന്നതിനായാണ് കിടാരി പാർക്ക് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. എ. സമ്പത്ത് എം.പി മുഖ്യപ്രഭാഷണം നടത്തി. ക്ഷീരകർഷകർക്കുള്ള ഇൻഷ്വറൻസ് വിതരണം ബി. സത്യൻ എം.എൽ.എയും ധനസഹായ വിതരണം ക്ഷേമനിധി ചെയർമാൻ എൻ. രാജനും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ആമുഖ പ്രഭാഷണം നടത്തി. മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ് സ്വാഗതം പറഞ്ഞു. ആർ. അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷീരവികസന വകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ്, ഡോ. പി.കെ. സദാനന്ദൻ, കെ.വി.എൻ മൂർത്തി, അഡ്വ. എ. ഷൈലജാബീഗം, എ. വിലാസിനി, എസ്. ഡീന, എസ്. വേണുജി, കല്ലട രമേഷ്, ജോസ് ജെയിംസ്, ഇന്ദുശേഖരൻ നായർ, ആർ. ശ്രീകണ്ഠൻ നായർ, രമാഭായി അമ്മ, എം.വി. കനകദാസ്, ആർ. രാമു, എൻ. വിശ്വനാഥൻ നായർ, അഡ്വ. എസ്. ലേനിൽ, മനോജ്. ബി. ഇടമന, ബി. ടൈറ്റസ്, തോട്ടയ്ക്കാട് ശശി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി. ചന്ദ്രശേഖരൻ നായർ, ആർ. സരിത, പി. മണികണ്ഠൻ, ഡെപ്യൂട്ടി ഡയറക്ടർ ഗീത. എ തുടങ്ങിയവർ പങ്കെടുത്തു.