തിരുവനന്തപുരം:കെ.എ.എസിലെ ഉയർന്ന പദവികളിൽ നിന്ന് പിന്നാക്ക, പട്ടിക വിഭാഗക്കാരെ അകറ്റിനിറുത്താൻ ഒരുവിഭാഗം ഉന്നത ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളി 'കേരളകൗമുദി'യാണ് പുറത്തുകൊണ്ടുവന്നത്. സർക്കാർ ജീവനക്കാർക്ക് മാത്രം അപേക്ഷിക്കാവുന്ന രണ്ട് വിഭാഗങ്ങളിലെ 100തസ്തികകളിൽ കൗശലപൂർവം സംവരണം ഒഴിവാക്കിയായിരുന്നു അട്ടിമറി.
സംവരണം നേടി സർവീസിലെത്തിയവർക്ക് കെ.എ.എസിൽ വീണ്ടും സംവരണം നൽകാനാവില്ലെന്ന് സർക്കാരിനെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
സംസ്ഥാന സർവീസിലുള്ളവർ സിവിൽസർവീസ് പരീക്ഷയെഴുതുമ്പോൾ പൊതുവിഭാഗത്തിൽ പരിഗണിച്ച് സംവരണം നൽകുന്നുണ്ടെന്നും സർക്കാർ ജീവനക്കാർ നെറ്റ് യോഗ്യതനേടി യൂണിവേഴ്സിറ്റികളിൽ അസി. പ്രൊഫസർ തസ്തികയിലെത്തുമ്പോൾ സംവരണം നൽകുന്നുണ്ടെന്നും രേഖകൾസഹിതം 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തു. രണ്ട് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് രണ്ടാമത്തെ തസ്തികയിലും പി.എസ്.സി സംവരണാനുകൂല്യം നൽകാറുണ്ട്. സംവരണം നൽകുന്നത് വ്യക്തിക്കല്ലെന്നും സമുദായത്തിനാണെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
ചീഫ്സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദിന്റെ കരടുവിജ്ഞാപനത്തിൽ 100തസ്തികകളിൽ സംവരണമുണ്ടായിരുന്നു. പിൻഗാമിയായി നളിനി നെറ്റോ വന്നപ്പോഴാണ് അത് 50തസ്തികകളിൽ ഒതുങ്ങിയത്.
സിവിൽസർവീസ് പരീക്ഷയ്ക്ക് സമാനമായ ത്രിതലപരീക്ഷാ സംവിധാനത്തിലൂടെയാണ് (പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ) കെ.എ.എസിലേക്ക് നിയമനം നടത്തുന്നതെന്ന വസ്തുത മറച്ചുവച്ചാണ് സംവരണം നിഷേധിച്ചത്. ഐ.എ.എസ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ട 100 ഉന്നത തസ്തികകളിലാണ് സംവരണം നിഷേധിച്ചത്.
പുതിയ ഉദ്യോഗാർത്ഥിയായാലും സർവീസിലുള്ളവരായാലും ത്രിതലപരീക്ഷ വിജയിച്ചാലേ കെ.എ.എസിലെത്താനാവൂ. പി.എസ്.സി മൂന്നുതരം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും എന്നുമാത്രം. ഉദ്യോഗസ്ഥരുടെ കാര്യത്തിൽ തസ്തികമാറ്റത്തിലൂടെയുള്ള നിയമനമെന്ന് വിജ്ഞാപനത്തിൽ ചേർത്തത് സംവരണം നിഷേധിക്കാനായിരുന്നു.
പിഴവുകൾ
1)നിലവിൽ 100ൽ ആറു തസ്തികകളിലേ പട്ടികവിഭാഗ സംവരണമുള്ളൂ. സ്ട്രീം-2, സ്ട്രീം-3 എന്നിവയിൽ സംവരണമില്ലെങ്കിൽ വെറും രണ്ട് തസ്തികകളാവും
2) മുസ്ലിം, പട്ടികവിഭാഗങ്ങളുടെ പ്രാതിനിദ്ധ്യത്തിൽ വൻ കുറവുണ്ടാവും
3)ഐ.എ.എസിൽ 22.2ശതമാനം പട്ടിക സംവരണമുള്ളപ്പോൾ കെ.എ.എസിൽ ഇത് 3.3ശതമാനം മാത്രമാണ്.
''പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകേണ്ടതുണ്ട്. മുൻകാലങ്ങളിൽ പിന്നാക്കവിഭാഗങ്ങൾ നേരിട്ട സമൂഹ്യവിവേചനങ്ങൾക്കുള്ള പ്രതിവിധിയാണിത്.''
ബി.ജി.ഹരീന്ദ്രനാഥ്
നിയമസെക്രട്ടറി