തിരുവനന്തപുരം: ദയവായി ഇങ്ങോട്ടു വരരുത്! എനിക്ക് ഇന്നല്ല, ഇനി ഒരു ദിവസവും ആഘോഷമില്ല- ജന്മദിന ആശംസകൾ നേരാനായി മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയെ വിളിച്ചവർക്ക് കിട്ടിയ മറുപടിയാണിത്. മണ്ണിനുവേണ്ടിയും മരത്തിനുവേണ്ടിയും മനുഷ്യനുവേണ്ടിയും കവിതകൊണ്ട് കലഹിച്ച അമ്മ അത്രമേൽ വേദനയിലാണ്. 85-ാം ജന്മദിനമായിരുന്നു ഇന്നലെ.
"എന്റെ അനുജത്തി സുജാത. അവളായിരുന്നു കഴിഞ്ഞ ജന്മനാളിന് ആഘോഷങ്ങളൊക്കെ നടത്തിയത്. എന്നിട്ട് എന്നെ വിട്ടുപോയി. എന്നെക്കാൾ 12 വയസ് ഇളയതാണവൾ. ഈ ജന്മദിനത്തിൽ അവളുടെ വേർപാടിന്റെ നൊമ്പരമാണെനിക്ക്. എനിക്കിനി ആഘോഷം വേണ്ട, ശേഷിക്കുന്ന നാളുകളിൽ സമാധാനം വേണം. കഷ്ടപ്പെടാതെ മരിക്കണം- ശ്വാസതടസം വല്ലാതെ ബുദ്ധിമുട്ടിക്കുന്നതിനിടയിലും സുഗതകുമാരി പറഞ്ഞു. ആറു പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യങ്ങളിലും സാംസ്കാരിക പോരാട്ടങ്ങളിലും അമ്മയുടെ കരുതലായി, സ്നേഹമായി, ജ്വലിക്കുന്ന മനസോടെ സുഗതകുമാരിയുണ്ട്. ഇപ്പോൾ പൊതുപരിപാടികളിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ്.
കവിതയിലൂടെ വിലപിക്കുക മാത്രമായിരുന്നില്ല സുഗതകുമാരി. കനലെരിയുന്ന വേദനയൂതി പരിസ്ഥിതി സമരങ്ങളുടെ ഇന്ധനമാക്കി മാറ്റുകയായിരുന്നു അവർ. അപ്പോഴെല്ലാം പിൻകരുത്തായി അനുജത്തി സുജാതയുണ്ടായിരുന്നു. അദ്ധ്യാപികയും എഴുത്തുകാരിയുമായ സുജാതദേവി കഴിഞ്ഞ ജൂൺ 22ന്
വിടപറഞ്ഞു. ഇന്നലെ തന്റെ ജന്മദിനമായ ജനുവരി 22 ആണെന്ന് അറിഞ്ഞപ്പോൾ സുജാതയുടെ മരണമാണ് സുഗതകുമാരിയുടെ മനസിലെത്തിയത്. ചേച്ചിയുടെ പരിസ്ഥിതി സ്നേഹം അനുജത്തിയുടെ രചനകളിലുമുണ്ടായിരുന്നു. കാടുകളുടെ താളം തേടി എന്ന പുസ്കകം ഒരു ഉദാഹരണം മാത്രം.
2014 നവംബർ 8നാണ് മൂത്ത സഹോദരി പ്രൊഫ. ഹൃദയകുമാരിയുടെ വേർപാടുണ്ടായത്. ഒറ്റപ്പെടലിന്റെ വേദന അലട്ടാതിരിക്കാൻ ബന്ധുക്കളൊക്കെ എപ്പോഴും നന്ദാവനത്തെ വീട്ടിലുണ്ട്.
സുഗതകുമാരിയുടെ എല്ലാ കവിതകളിലും ഒളിഞ്ഞും തെളിഞ്ഞും വേദനയുടെ അടിയൊഴുക്കു കാണാം. ഇപ്പോൾ
ആ വേദനയ്ക്കൊപ്പം ഉറ്റവർ വേർപെട്ടതിന്റെ തീരാദുഃഖവും.