bus

കല്ലറ: ആവശ്യത്തിന് കമ്ടക്ടർമാരില്ലാത്തതിനാൽ പാലോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സർവീസുകൾ റദ്ദാക്കുന്നത് പതിവാണ്. ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തതിനാൽ യാത്രാക്ലേശവും രുക്ഷമായിരിക്കുകയാണ്. ഗ്രാമീണ മേഖലകളിൽ ഉള്ളവർ ഏറെ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ പകുതിയും നിറുത്തലാക്കിയതോടെ നാട്ടുകാരും വിദ്യാർത്ഥികളും യാത്രചെയ്യാൻ വളരെ ബുദ്ധിമുട്ടുകയാണ്. പാലോട് ഡിപ്പോയിൽ നിന്നുമാണ് ഇവിടേക്ക് കൂടുതലും സർവീസുകൾ നടത്തുന്നത്. കിളിമാനൂർ, വെഞ്ഞാറമൂട്, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്നും ചുരുക്കം സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഇതിൽ നിന്നും സർവീസുകൾ ചുരുക്കിയത് നാട്ടുകാരെ വലയ്ക്കുകയാണ്.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഡിപ്പോയിൽ നിന്ന് 33 എംപാനൽ കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്. ഇതോടെ സർവീസുകളും താറുമാറായി. പല സർവീസുകളും വെട്ടിച്ചുരുക്കി. സിംഗിൽ ഡ്യൂട്ടി നിലവിൽ വന്ന ശേഷം പിരിച്ചുവിടീൽ കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും പി.എസ്.സി അഡ്വൈസ് ലഭിച്ച ഒരാൾ പോലും ജോലിക്കായി ഇവിടെ എത്തിയില്ല. നിലവിൽ 62 ഡ്രൈവർമാരും 38 കണ്ടക്ടർമാരുമുണ്ട്. നേരത്തെ ഉണ്ടായിരുന്ന 71 കണ്ടക്ടർമാരുടെ സ്ഥാനത്താണിത്. കണ്ടക്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത് കൂടുതൽ ഡിപ്പോയുടെ പ്രവർത്തനം കൂടുതൽ പ്രതിസന്ധിയിലാക്കി. ഫാസ്റ്റ് ഒഴികെ ഡിപ്പോയിൽ ഷെഡ്യൂളുകളുടെ എണ്ണം രാവിലെ 12-13 ,ഉം വൈകിട്ട് 7- 8 ഉം ആയി ചുരുങ്ങിയിരിയ്ക്കുന്നു. നേരത്തെ ഉണ്ടായിരുന്നതിന്റെ പകുതിയിലും താഴെയാണിത്.

ഡിപ്പോയിലെ ബസുകളിൽ പലതും പ്രവർത്തിക്കാൻ കഴിയാതെ വെറുതെ കിടക്കുകയാണ്. ആവശ്യത്തിന് കണ്ടക്ടർമാരെ അനുവദിച്ചില്ലെങ്കിൽ ഡിപ്പേയുടെ പ്രവർത്തനം ഇനിയും താറുമാറാകുമെന്നാണ് നാട്ടുകാർ പറയുന്നത്. സർവീസുകൾ റദ്ദ് ചെയ്തുതുടങ്ങിയതോടെ ഡിപ്പോയുടെ വരുമാനത്തിൽ വലിയ ഇടിവാണ് ഉണ്ടാകുന്നത്. ഇതോടെ സമാന്തര സർവീസുകൾക്കും സ്വകാര്യ ബസുകൾക്കും റോഡ് കീഴടക്കിയിരിക്കുകയാണ്. മുൻകാലങ്ങളിൽ കളക്ഷൻ കുറവായ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താതിരുന്ന എല്ലാ സ്വകാര്യ ബസുകളും വീണ്ടും തുടങ്ങി. സമാന്തര സർവീസും ഇടതടവില്ലാതെ ഓടുകയാണ്. ഡിപ്പോയിലേക്ക് ആവശ്യത്തിന് കണ്ടക്ടർമാരെ നിയമിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.