മലയിൻകീഴ്: വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രതിപക്ഷ അംഗങ്ങൾ പൂട്ടി. എൻ.ജി.ഒ യൂണിയന്റെ കാട്ടാക്കട ഏര്യാ സമ്മേളനത്തിൽ പങ്കെടുക്കാൻ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് പോയെന്നാരോപിച്ചാണ് ഇന്നലെ രാവിലെ 11 മണിയോടെ പഞ്ചായത്ത് ഓഫീസ് പൂട്ടിയത്.
സർക്കാർ ഓഫീസിലെ ഓരോ ഫയലിലും ഒരോ ജീവിതമാണുള്ളതെന്നും ജോലി സമയത്ത് സംഘടനാ പ്രവർത്തനത്തിന് പോകുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ പാഴ്വാക്കായതായി പ്രതിപക്ഷം ആരോപിച്ചു.
ജീവനക്കാർ ഹാജർ ബുക്കിൽ ഒപ്പിട്ട് മുങ്ങിയതോടെ അത്യാവശ്യങ്ങൾക്ക് എത്തിയവർ വലഞ്ഞു. സെക്രട്ടറി മുതൽ പ്യൂൺ വരെയുള്ള ജീവനക്കാർ ഇല്ലാത്ത ഓഫീസ് എന്തിന് തുറന്നിട്ടിരിക്കുന്നു എന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. സ്ഥലത്തെത്തിയ വിളപ്പിൽശാല പൊലീസ്, പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വരുത്തി. തുടർന്ന് പ്രസിഡന്റും സെക്രട്ടറിയും പ്രതിപക്ഷ അംഗങ്ങളുമായി പൊലീസ് നടത്തിയ ചർച്ചയിൽ ഒപ്പിട്ട് മുങ്ങിയ ജീവനക്കാർക്ക് ഹാജർ ബുക്കിൽ ഉച്ചവരെ അവധി രേഖപ്പെടുത്തി. സി.എസ്. അനിൽ, കാർത്തികേയൻ, അജിത് കുമാർ, ചന്ദ്രിക, ജലജാംബിക, എഡ്വിൻ ജോർജ്ജ്, ബുഷ്റ എന്നീ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസ് പൂട്ടിയത്. ഉച്ചയ്ക്ക് ശേഷം ജീവനക്കാർ ഓഫീസിലെത്തി ജോലിയിലേർപ്പെട്ടു.