kpcc

തിരുവനന്തപുരം: സമ്പൂർണ പുനഃസംഘടന മരീചികയായതോടെ നിലവിലെ ഭാരവാഹികൾക്ക് സംഘടനാ ചുമതലകൾ വീതിച്ചു നൽകി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്കു കടക്കാൻ കെ.പി.സി.സി തീരുമാനം. തിരഞ്ഞെടുപ്പിനു മുന്നോടിയായി രൂപീകരിക്കുന്ന വിവിധ സമിതികളിലേക്ക് 25 മുതൽ 30 വരെ വീതം അംഗങ്ങളെ ഉൾപ്പെടുത്താനാണ് സംസ്ഥാന നേതൃത്വം ആലോചിക്കുന്നതെങ്കിലും,​

ഗ്രൂപ്പ് പ്രാതിനിദ്ധ്യമനുസരിച്ച് തയ്യാറാക്കിയ സാദ്ധ്യതാ പട്ടികയിൽ നാല്പതിലധികം പേർ ഉൾപ്പെട്ടതാണ് പുതിയ വയ്യാവേലി.

തിരഞ്ഞെടുപ്പു വേളയിൽ പ്രവർത്തകരുടെ അതൃപ്തിക്കിടയാക്കാതെ പട്ടികയിലെ അംഗത്വ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ശ്രമം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവർ കഴിഞ്ഞ ദിവസം വിവിധ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പരമാവധി 30 പേരെ ഓരോ സമിതിയിലും ഉൾപ്പെടുത്താൻ ധാരണയായത്.

തിരഞ്ഞെടുപ്പ് സമിതി, തിരഞ്ഞെടുപ്പ് ഏകോപന സമിതി, പ്രചാരണ സമിതി, മാദ്ധ്യമ ഏകോപന സമിതി എന്നിങ്ങനെയാണ് സമിതികൾ. പ്രചാരണ സമിതി അദ്ധ്യക്ഷനായി കെ. മുരളീധരനെ ഹൈക്കമാൻഡ് നേരിട്ട് പ്രഖ്യാപിക്കുകയായിരുന്നു. മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ വഹിച്ച ഈ പദവി പ്രാധാന്യമുള്ളതായതിനാലാണ് ഹൈക്കമാൻഡ് നേരിട്ട് തീരുമാനമെടുത്തത്. പക്ഷേ,​ സമിതി അംഗങ്ങളെ ഇവിടെ നിയമിക്കണം.

മുതിർന്ന നേതാക്കൾ മാത്രം ഉൾപ്പെട്ടതായിരിക്കും തിരഞ്ഞെടുപ്പ് സമിതി. ഇപ്പോൾ പദവികളില്ലാത്ത നേതാക്കളെ പരമാവധി ഉൾക്കൊള്ളിക്കണമെന്ന ആവശ്യമാണ് ഗ്രൂപ്പ് മാനേജർമാരുടേത്. അങ്ങനെ തീരുമാനിച്ചാൽ കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.എൽ.എമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻമാർ എന്നിവരെ പരമാവധി ഒഴിവാക്കണം. മുൻ ഡി.സി.സി പ്രസിഡന്റുമാർ, മുൻ എം.എൽ.എമാർ, മറ്റ് മുൻ ഭാരവാഹികൾ എന്നിവർക്ക് മുൻഗണന നൽകി സമിതികളിലേക്ക് അംഗങ്ങളെ നിശ്ചയിക്കുമെന്നാണ് സൂചന.

22 ജനറൽസെക്രട്ടറിമാരും 42 സെക്രട്ടറിമാരും ഉണ്ടായിരുന്നിടത്ത് ഇരു പദവികളിലും ഇപ്പോൾ ആറ് ഒഴിവുകൾ വീതമുണ്ട്. ശേഷിക്കുന്ന 16 ജനറൽ സെക്രട്ടറിമാർക്കും 36 സെക്രട്ടറിമാർക്കും ആയിരിക്കും ചുമതലകൾ വിഭജിച്ച് നൽകുക.

മുല്ലപ്പള്ളിയുടേത്

ജനമഹായാത്ര

ഫെബ്രുവരി മൂന്നിന് മഞ്ചേശ്വരത്തു നിന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന രാഷ്ട്രീയയാത്രയ്ക്ക് ജനമഹായാത്ര എന്നു പേരിട്ടു. എ.കെ. ആന്റണിയാണ് ജാഥാ ഉദ്ഘാടകൻ. വിവിധ ജില്ലകളിലെ ജാഥാസമാപന ചടങ്ങുകളിൽ കോൺഗ്രസിന്റെ വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെയും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരടക്കം മുതിർന്ന നേതാക്കളെയും പങ്കെടുപ്പിക്കും. മല്ലികാർജുൻ ഖാർഗെ, ഡി.കെ. ശിവകുമാർ, പരശുരാമ തുടങ്ങി കർണാടകയിലെ മുതിർന്ന നേതാക്കളുമെത്തും. തിരുവനന്തപുരത്തെ സമാപനവേദി പിന്നീട് തീരുമാനിക്കും.