kovalam

കോവളം: സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ആർ. സി. സി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ വിഭാഗം ആർ.എം.ഒ ഡോ. സി. വി. പ്രശാന്ത് പറഞ്ഞു. കേരളകൗമുദി ബോധപൗർണമിയും എസ്.പി.സി ആൻഡ് എസ്.പി.ജിയും സംയുക്തമായി വാഴമുട്ടം ഗവ. ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമരുന്ന് കെണിയിൽ പലപ്പോഴും അകപ്പെടുന്നത് കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവില്ലാത്തതാണ് കാരണം. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ദുശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്ന് സമൂഹത്തെ കീഴ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചുകയറാൻ പറ്റാത്ത മഹാഗർത്തങ്ങളിലാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെഡ്മിസ്ട്രസ് വി. എസ്. അനിതയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ കോവളം എസ്.എച്ച് ഒ പി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സി.പി.ഒ പി. തങ്കരാജൻ സ്വാഗതം പറഞ്ഞു. കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർമാരായ കല എസ്.ഡി, ആർ.പി. തമ്പുരു, പി.ടി.എ പ്രസിഡന്റ് എസ്.കെ. പ്രതാപ് ചന്ദ്രൻ, ഡ്രിൽ ഇൻസ്ട്രക്ടർ ആൻഡ് എസ്.പി.സി പ്രോജക്ട് എസ്.ഐ രാംദാസ്. ബി, എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ ആൻഡ് എസ്.പി.ജി കോ - ഓർഡിനേറ്റർ ടി. ബിജു, പ്രീതാലക്ഷ്‌മി, ജയശ്രീ, കേരളകൗമുദി കോവളം ലേഖകൻ സി. ഷാജിമോൻ എന്നിവർ പങ്കെടുത്തു.