തിരുവനന്തപുരം: ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണമേർപ്പെടുത്തി കേന്ദ്രം കൊണ്ടുവന്ന ചട്ടം അതേപടി കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി എ.കെ.ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
10ശതമാനം വരെ ആകാമെന്നാണ് കേന്ദ്രചട്ടം. ഇവിടെ എത്രശതമാനം അനുവദിക്കണമെന്നും വരുമാനപരിധി എത്രയായിരിക്കണമെന്നും ഇടതുമുന്നണി തീരുമാനിക്കും. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് മാത്രമായിരിക്കും സംവരണം. ആദായനികുതി നൽകുന്നവർക്ക് ആനുകൂല്യം നൽകില്ല.
കേന്ദ്രത്തിന്റെ ഭേദഗതി ആക്ടിൽ എട്ട് ലക്ഷം രൂപ വാർഷിക വരുമാനപരിധിയും 1000ചതുരശ്രയടി വരെയുള്ള വീടുമാണ് മാനദണ്ഡമെന്ന് പറയുന്നില്ല. വരുമാന പരിധിയെക്കുറിച്ച് കേന്ദ്ര നിയമത്തിൽ വ്യക്തതയില്ലാത്തതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാകും. ഇതിനായി സബോർഡിനേറ്റ് സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്തും.