വെള്ളറട: കാട്ടാക്കട- വെള്ളറട റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ വലയുകയാണ്. ഉച്ചകഴിഞ്ഞാൽ ബസുകൾ ഇല്ലാതിനാൽ വിദ്യാർത്ഥികൾ വീട്ടിലെത്തുമ്പോൾ രാത്രിയാകും. യാത്രക്കാർ കൂടുതൽ ദുരിതമനുഭവിക്കുന്ന റൂട്ടായി മാറിയിരിക്കുകയാണ് കാട്ടാക്കട- വെള്ളറട റൂട്ട്. വൈകിട്ട് സ്കൂൾ വിട്ടാൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടാണ് ഇവർക്ക് ബസ് കിട്ടുന്നത്. അതാകട്ടെ തിങ്ങിനിറഞ്ഞാണ് എത്തുന്നത്.

എന്നാൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയതോടെ രാവിലെ എത്തുന്ന ജീവനക്കാർ ഉച്ചയോടെ ഡ്യൂട്ടി തീർത്ത് മടങ്ങും. ഉച്ചകവിഞ്ഞാൽ കണ്ടക്ടർമാർ ഇല്ലാത്തതാണ് പ്രധാനമായും സർവീസ് നടത്താൻ കവിയാത്തതെന്നാണ് അധികൃതർ പറയുന്നത്.

മലയോര പ്രദേശമെന്ന പരിഗണന നൽകി വെള്ളറട ഡിപ്പോയിൽ ആവശ്യമായ ജീവനക്കാരെ നിയോഗിച്ചാൽ മാത്രമേ യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ കഴിയുമെന്ന അവസ്ഥയാണ്. ജീവനക്കാരുടെ കുറവുകാരണം രണ്ടും മൂന്നും ഡ്യൂട്ടിവരെ ചെയ്യേണ്ട അവസ്ഥ. റസ്റ്റില്ലാതെയുള്ള ജോലി ജീവനക്കാരുടെ ആരോഗ്യത്തെയും ബാധിച്ചിരിക്കുന്നു. ഇതുകാരണം ഉള്ളസർവീസുകൾപോലും നടത്താൻ കഴിയുന്നില്ല.