udf

തിരുവനന്തപുരം: പ്രളയാനന്തര ഭരണസ്‌തംഭനം, ക്രമസമാധാനത്തകർച്ച, വിശ്വാസികളോടുള്ള വഞ്ചന എന്നീ വിഷയങ്ങളുയർത്തി യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റും സംസ്ഥാനത്തെ കളക്ടറേറ്റും ഉപരോധിച്ച് പ്രവർത്തകർ അറസ്റ്റ് വരിക്കുമെന്ന് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.
തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ഉപരോധിച്ച് അറസ്റ്റ് വരിക്കും. കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രൻ എം.പി, പത്തനംതിട്ടയിൽ ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ, ആലപ്പുഴയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എറണാകുളത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഇടുക്കിയിൽ കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ചെയർമാൻ ജോണി നെല്ലൂർ, തൃശൂരിൽ കെ.പി.സി.സി പ്രചാരണസമിതി ചെയർമാൻ കെ. മുരളീധരൻ എം.എൽ.എ, പാലക്കാട്ട് യു.ഡി.എഫ് നിയമസഭാകക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ, കോഴിക്കോട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വയനാട്ടിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, കണ്ണൂരിൽ കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, കാസർകോട്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എന്നിവർ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യും.