തിരുവനന്തപുരം: മൈനർ ഇറിഗേഷൻ വകുപ്പ് നിർമ്മിക്കാൻ വിസമ്മതിച്ച പൂവച്ചൽ മൈലോട്ടുകുഴി നെയ്യാർ ജലസംഭരണിയിലെ കനാലിന് കുറുകെയുള്ള പാലം നിർമ്മിക്കാൻ ജില്ലാപഞ്ചായത്ത് തയ്യാർ. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക്കിന് സമർപ്പിച്ച സാദ്ധ്യതാ പഠന റിപ്പോർട്ടിലാണ് പാലം നിർമ്മിക്കുന്നതിൽ സാങ്കേതിക തടസമില്ലെന്ന് ജില്ലാപഞ്ചായത്ത് എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചത്. കനാലിന് കുറുകെയുള്ള ചെറിയ നടപ്പാതയ്ക്ക് പകരമാണ് പാലം നിർമ്മിക്കുക.

കനാലിന് മറുകരയിൽ താമസിക്കുന്നവർ ചെറിയ കോൺക്രീറ്റ് നടപ്പാതയിലൂടെയാണ് മറുകര കടക്കുന്നത്. മഴക്കാലത്ത് ഇതുവഴി യാത്ര ചെയ്യാനാവില്ല. നിലവിലുള്ള 60 സെന്റീമീ​റ്റർ വീതിയുള്ള കോൺക്രീറ്റ് നടപ്പാതയ്ക്ക് സംരക്ഷണഭിത്തിയോ കൈപിടിച്ച് നടക്കാനുള്ള പൈപ്പോ ഇല്ല. ഇതേ തുടർന്ന് നിരവധിപേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്. 2016 മാർച്ച് 3ന് പാലം നിർമ്മിക്കാൻ കമ്മിഷൻ മൈനർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. എന്നാൽ പാലം നിർമ്മിച്ചാൽ വാഹനം തിരിയുന്നതിനുള്ള വീതിയില്ലെന്നു പറഞ്ഞ് മൈനർ ഇറിഗേഷൻ വകുപ്പ് പാലം നിർമ്മിക്കാൻ തയ്യാറായില്ല. എന്നാൽ നിസാരമായ സാങ്കേതിക തടസം പറഞ്ഞ് നിർമ്മാണം തടസപ്പെടുത്താനാണ് മൈനർ ഇറിഗേഷൻ വകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് പരാതിക്കാരനായ വീരണകാവ് മൈലോട്ടുകുഴി സ്വദേശി കെ. ഗിരി വീണ്ടും കമ്മിഷനെ സമീപിച്ചു. സ്ഥലം പരിശോധിച്ച് സാദ്ധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ജില്ലാപഞ്ചായത്തിനെ ചുമതലപ്പെടുത്തി. തുടർന്ന് ജില്ലാപഞ്ചായത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് പാലം നിർമ്മിക്കാനുള്ള സന്നദ്ധത അറിയിച്ചത്. പാലം നിർമ്മിച്ചാൽ അപ്രോച്ച്‌ റോഡിന് ആവശ്യമായ സ്ഥലം നിരുപാധികം വിട്ടുനൽകാൻ തയ്യാറാണെന്ന് നാട്ടുകാർ അറിയിച്ചതായി കമ്മിഷൻ ചൂണ്ടിക്കാട്ടി. സാങ്കേതിക തടസം ഉന്നയിക്കാതെ എത്രയും വേഗം പാലം നിർമ്മിക്കണമെന്ന് ചെറുകിട ജലസേചനവകുപ്പ് സെക്രട്ടറിക്ക് കമ്മിഷൻ നിർദ്ദേശം നൽകി.