kudukka

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന് സഹായമായി ചങ്ങാതിക്കുടുക്കയുടെ 25 ലക്ഷം. നവകേരള നിർമ്മിയിൽ മറ്റു രാജ്യങ്ങളിലെ കുട്ടികളെക്കൂടി പങ്കാളികളാക്കി മലയാളം മിഷൻ ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കൂട്ടം സമാഹരിച്ച പണവുമായി 25 ന് ഇവരിൽ 40 പേർ തലസ്ഥാനത്തെത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെട്ട സംഘം തുക മുഖ്യമന്ത്രിക്ക് കൈമാറും.

ചില്ലറത്തുട്ടുകളായും വിദേശനാണയങ്ങളായും കഴിഞ്ഞ ഒക്ടോബർ മുതൽ കുട്ടികൾ വീടുകളിൽ ശേഖരിച്ച തുകയാണ് 25 ന് വൈകിട്ട് മൂന്നിന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുക.

10 ഇന്ത്യൻ സംസ്ഥാനങ്ങളിലും 15 വിദേശ രാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന മലയാളം മിഷനിലെ കാൽ ലക്ഷത്തോളം വിദ്യാർത്ഥികളിൽ ഭൂരിപക്ഷം പേരും പദ്ധതിയിൽ പങ്കാളികളായിരുന്നു. 25 മുതൽ 27 വരെ കഴക്കൂട്ടം മരിയ റാണി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ത്രിദിന സഹവാസ ക്യാമ്പിൽ കുട്ടികൾ പങ്കെടുക്കും.

മസ്കറ്റ് ഹോട്ടലിൽ മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റീബിൽഡ് കേരള സി.ഇ.ഒ ഡോ. വി.വേണു, മജിഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ വിദ്യാർഥികളുമായി സംവദിക്കും. സഹവാസ ക്യാമ്പിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വീണ ജോർജ്ജ് എം.എൽ.എ തുടങ്ങിയവർ വിദ്യാർഥികളെ സന്ദർശിക്കും. വെൺപാലവട്ടത്തെ സമേതി കർഷക ഭവനത്തിൽ മലയാളം മിഷൻ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ക്യാമ്പും നടക്കും