kohli

പോയ വർഷത്തെ മികച്ച താരങ്ങളെ കണ്ടെത്താനുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വോട്ടിംഗ് പാനലിന് ഇത്തവണ കാര്യങ്ങൾ ഏറെ എളുപ്പമായിരുന്നു. വോട്ടുകളെല്ലാം വിരാട് കൊഹ്‌ലിക്ക് ചെയ്താൽ മതിയല്ലോ.

ലോക ക്രിക്കറ്റിൽ മറ്റെല്ലാവരെയും കൊഹ്‌ലി അപ്രസക്തമാക്കിയ വർഷമായിരുന്നു 2018. ടെസ്റ്റെന്നോ ഏകദിനമെന്നോ ട്വന്റി-20യെന്നോ ഭേദമില്ലാതെ വിരാടിന്റെ ബാറ്റിൽ നിന്ന് ഉതിർന്ന വെടിയുണ്ടകൾ ബൗണ്ടറികൾ തുളച്ചു കടന്നു. നായകനെന്ന നിലയിൽ ഇന്ത്യയ്ക്ക് ആസ്ട്രേലിയയിൽ കന്നി പരമ്പര ജയമെന്ന ചരിത്രം കുറിച്ചു. വർഷം മുഴുവൻ ഒരേ നിലവാരത്തിൽ കളിക്കാൻ കഴിഞ്ഞു. 2018ലെ ടെസ്റ്റിലെയും ഏകദിനത്തിലെയും മികച്ച താരത്തെ കണ്ടെത്താൻ ഐ.സി.സിക്ക് മറ്റാരിലേക്കും മിഴിപായിക്കുകപോലും വേണ്ടിവന്നിട്ടുണ്ടാവില്ല.

2018ൽ 13 ടെസ്റ്റുകളിൽ നിന്ന് അഞ്ച് സെഞ്ച്വറികളടക്കം 55.08 ശരാശരിയിൽ കൊഹ്‌ലി നേടിയത് 1322 റൺസ് 14 ഏകദിനങ്ങളിൽ നിന്ന് ആറ് സെഞ്ച്വറികളടക്കം 133.55 ശരാശരിയിൽ 1202 റൺസ്. 10 ട്വന്റി-20കളിൽനിന്ന് 211 റൺസ്. ഐ.പി.എൽ കൂടാതെ അന്താരാഷ്ട്ര തലത്തിൽ നിന്നുമാത്രം കൊഹ്‌ലി അങ്ങനെ വാരിക്കൂട്ടിയത് 2735 റൺസ്. ടെസ്റ്റിൽ പോയ വർഷം 1000 റൺസ് കടന്നത് കൊഹ്‌ലിയെ കൂടാതെ ശ്രീലങ്കയുടെ കുശാൽ മെൻഡിസ് മാത്രമാണ്. ഏകദിനത്തിൽ കൊഹ്‌‌ലി ഉൾപ്പെടെ മൂന്നുപേർ മാത്രമാണ് 1000 കടന്നത്.

2018 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇന്ത്യയെ ആറ് ടെസ്റ്റ് വിജയങ്ങളിലേക്ക് കൊഹ്‌ലി നയിച്ചു. ഏകദിനത്തിൽ ഒൻപത് വിജയങ്ങളിലേക്ക് നയിച്ചപ്പോൾ നാലെണ്ണത്തിൽ തോറ്റു. ഒരെണ്ണം ടൈ ആയി. ടെസ്റ്റിലെയും ഏകദിനത്തിലെയും ഡ്രീം ടീം നായകപദവി വിരാടിനെത്തേടിയെത്തിയതിന് പിന്നിൽ ഈ മികവാണ്.

തുടർച്ചയായ രണ്ടാം വർഷമാണ് വിരാട് ഐ.സി.സി പ്ളേയർ ഒഫ് ദ ഇയറാകുന്നത്.

തുടർച്ചയായ രണ്ടാം തവണയാണ് ഏകദിനത്തിലെ മികച്ച താരമാകുന്നതും

ആകെ മൂന്ന് തവണ ഏകദിന പ്ളേയർ ഒഫ് ദ ഇയർ ആയിട്ടുണ്ട്. (2012, 2017, 2018)

ടെസ്റ്റ് പ്ളേയർ ഒഫ് ദ ഇയർ ആകുന്നത് ഇതാദ്യം.

കഴിഞ്ഞ മൂന്ന് വർഷമായി ഐ.സി.സി ഏകദിന ടീം ക്യാപ്ടനാണ്. രണ്ട് വർഷമായി ടെസ്റ്റ് ടീം ക്യാപ്ടനും.

എമർജിംഗ് ഋഷഭ്

അരങ്ങേറ്റ വർഷത്തിൽ ഗംഭീര പ്രകടനം നടത്തി ഇന്ത്യയുടെ ഭാവി വാഗ്ദാനമായി മാറിയ ഋഷഭ് പന്തിനുള്ള അംഗീകാരമായി ഐ.സി.സി എമർജിംഗ് പ്ളേയർ ഒഫ് ദ ഇയർ, ഇംഗ്ളണ്ടിലും ആസ്ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ, ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന വക്കറ്റ് കീപ്പർ എന്ന റെക്കാഡുകളൊക്കെ ചുരുങ്ങിയ കാലം കൊണ്ട് ഋഷഭ് സ്വന്തമാക്കിയിരുന്നു. 21കാരനായ ഋഷഭ് ധോണിയുടെ യഥാർത്ഥ പിൻഗാമിയായി വാഴ്ത്തപ്പെടുന്നു.

ഐ.സി.സി ടെസ്റ്റ് ടീം

വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ടോം ലതാം, ഭിമുത്ത് കരുണ രത്നെ, കേൽവില്യംസൺ, ഹെൻറി നിക്കോൾസ്, ഋഷഭ് പന്ത്, ജാസൺ ഹോൾഡർ, കാഗിസോ റബാദ, നഥാൻ ലിയോൺ, ജസ്‌പ്രീത് ബുംറ, മുഹമ്മദ് അബ്ബാസ്.

ഐ.സി.സി. ഏകദിന ടീം

വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ജോണി ബെയർസ്റ്റോ, രോഹിത് ശർമ്മ, ജോറൂട്ട്, റോസ് ടെ‌യ്ലർ, ജോസ്‌ബട്ലർ, ബെൻ സ്റ്റോക്സ്, മുസ്താഫിസുർ, റാഷിദ്ഖാൻ, കുൽദീപ് യാദവ്, ബുംറ