തിരുവനന്തപുരം: സംസ്ഥാനത്തെ 53 പൊലീസ് സ്റ്റേഷനുകളിൽ 'ഓപ്പറേഷൻ തണ്ടർ' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ വൻക്രമക്കേടുകൾ കണ്ടെത്തി. കണക്കിൽപെടാത്ത സ്വർണവും പണവും പിടിച്ചെടുത്തു. നിരവധി വാഹനങ്ങൾ അന്യായമായി പിടിച്ചിട്ടിരിക്കുന്നത് കണ്ടെത്തി.
കൊല്ലം കരുനാഗപ്പള്ളി സ്റ്റേഷനിൽ 80000ത്തോളം രൂപയും കോഴിക്കോട് പയ്യോളി സ്റ്റേഷനിൽ 57740 രൂപയും കോഴിക്കോട് ടൗൺ സ്റ്റേഷനിൽ 3060 രൂപയും കാണാനില്ല. ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയ തുകയിലാണ് കുറവ്.
പൊലീസുകാർക്ക് ക്വാറി മാഫിയകളുമായി ബന്ധമുണ്ടെന്നും പണമിടപാടു കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ഇന്റലിജൻസ് റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
രജിസ്റ്ററിൽ പതിക്കാത്ത നൂറുകണക്കിന് പരാതികളാണ് കണ്ടത്. പലതിലും പരാതിക്കാർക്ക് എഫ്.ഐ.ആറിന്റെ പകർപ്പുകളും രസീതുകളും നൽകിയിട്ടില്ല. ചിലിടത്ത് മണൽ,ക്വാറി മാഫിയുമായി ബന്ധപ്പെട്ട ഒരു കേസുപോലും 2012ന് ശേഷം രജിസ്റ്റർ ചെയ്തിട്ടില്ല.
കാസർകോട് ബേക്കൽ സ്റ്റേഷനിൽ കണക്കിൽ പ്പെടാത്ത 12.7ഗ്രാം സ്വർണവും 5 മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു.അനധികൃതമായി പിടിച്ചിട്ട നൂറോളം വാഹനങ്ങളും 2 വാഹനങ്ങളുടെ ഒറിജിനൽ രേഖകളും കണ്ടെത്തി. കോഴിക്കോട് ടൗൺ സ്റ്റേഷനിൽ 11.52 ഗ്രാം സ്വർണവും 4223 രൂപയും 2 മൊബൈൽ ഫോണുകളും 11 പെറ്റീഷനുകളും അനാഥമായി കണ്ടെത്തി.
വയനാട് മേപ്പാടിയിൽ ഒരു വർഷത്തോളമായി യാതൊരു നടപടിയും സ്വീകരിക്കാത്ത മൂന്നു പണമിടപാട് കേസുകളുണ്ട്. നിരവധി ആധാർ കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.പുൽപ്പള്ളി സ്റ്റേഷനിൽ ജനുവരി ഒന്നിനുശേഷം ക്യാഷ് ബുക്ക് എഴുതിയിട്ടില്ല.
മാവേലിക്കരയിൽ 2018ൽ മദ്യപിച്ച് വാഹനമോടിച്ച 1092 കേസുകളും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും 318 കേസുകളിൽ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അസാധുവാക്കാൻ റിപ്പോർട്ട് നൽകിയിട്ടുള്ളൂ. മാവേലിക്കര, ആലപ്പുഴ നോർത്ത് സ്റ്റേഷനുകളിൽ വാഹനാപകട കേസുകളിൽ രേഖകൾ അനധികൃതമായി പിടിച്ചു വച്ചതായും കണ്ടെത്തി.
മറ്റു സ്റ്റേഷനുകളിലും പരിശോധന നടത്തുമെന്നും വിശദമായ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിൻ അറിയിച്ചു. കേസ് ഡയറികളടക്കം പിടിച്ചെടുത്താണ് വിജിലൻസിന്റെ പരിശോധന.
ഇന്റലിജൻസ് പറയുന്നത്
മണൽ കടത്തിന് പിടിക്കുന്ന ലോറികൾ പൊലീസ് പണം വാങ്ങി വിട്ടുകൊടുക്കുന്നു.
പണം ഇടപാട് കേസുകളിൽ കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കുന്നു.
വാഹനാപകടകേസുകൾ അഭിഭാഷകരെ അറിയിച്ച് കമ്മിഷൻ പറ്റുന്നു.
കേസിൽ പെടാത്ത വണ്ടികൾപോലും പിടിച്ച് കൈക്കൂലി വാങ്ങുന്നു.
ഈ ഇടപാടിൽ പ്രാദേശിക രാഷ്ട്രീയക്കാരും പൊലീസും ഇടനിലക്കാരെപ്പോലെ പ്രവർത്തിക്കുന്നു.