തായ്പേയ് : പർവതാരോഹണത്തിന് ശേഷം ബിക്കിനി മാത്രം ധരിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ആരാധകരെ സൃഷ്ടിച്ച തായ്വാൻ സുന്ദരി ഗിജിവു മലകയറ്റത്തിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു.
കഴിഞ്ഞ ശനിയാഴ്ച തായ്വാനിലെ യുഷാൻ നാഷണൽ പാർക്കിൽ മലകയറ്റത്തിനിടെ താൻ അപകടത്തിൽപ്പെട്ടതായി ഗിജി വു സാറ്റലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. മലയിടുക്കിൽ അനങ്ങാനാകാതെ കുടുങ്ങിക്കിടക്കുയാണെന്നായിരുന്നു സന്ദേേശം.
ഇതേത്തുടർന്ന് ഫയർ ആൻഡ് റെസ്ക്യു സർവീസ് തെരച്ചിൽ നടത്തിയെങ്കിലും ഇന്നലെയോടെ മലയിടുക്കിൽ ഗിജിവുവിന്റെ മൃതദേഹമാണ് കണ്ടെടുക്കാനായത്. 30 മീറ്ററോളം ആഴത്തിലേക്കാണ് ഇവർ വീണത്. 28 മണിക്കൂർ കഴിഞ്ഞശേഷമാണ് മൃതദേഹം മലമുകളിൽ നിന്ന് താഴെയെത്തിച്ചത്.
ബിക്കിനി ക്ളൈംബർ
സോഷ്യൽ മീഡിയയിൽ ബിക്കിനി ക്ളൈംബർ എന്ന പേരിലാണ് 36 കാരിയായ ഗിജിവു പ്രശസ്തയായിരുന്നത്. കുന്നുകളും മലകളും നിറയെയുള്ള തായ്വാനിൽ പർവതാരോഹക വേഷം ധരിച്ച് മലകയറുന്ന ഇവർ കൊടിമുടി കീഴടക്കിയശേഷം ബിക്കിനി മാത്രം ധരിച്ച് സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു പതിവ്. ഇത്തരത്തിൽ നൂറോളം മലകൾ കീഴടക്കിയതിന്റെ ബിക്കിനി ചിത്രങ്ങൾ ഗിജി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അപകടം പതിവ്
സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്യാനായി മലകയറുന്നവർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞയാഴ്ച കാലിഫോർണിയയിൽ ഇന്ത്യൻ ദമ്പതികൾ വീണു മരിച്ചിരുന്നു.