story

നെടുമങ്ങാട്: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സ്ത്രീകൾ നിയമസുരക്ഷയിൽ അഗസ്ത്യകൂടം സന്ദർശിക്കുമ്പോൾ, കാൽ നൂറ്റാണ്ടു മുമ്പ് എതിർപ്പുകളെ അവഗണിച്ച് അഗസ്ത്യദർശനം നടത്തിയതിന്റെ സായൂജ്യത്തിലാണ് എഴുപത്തെട്ടുകാരിയായ പാലോട് സ്വദേശിനി സ്വാമിനിയമ്മ. രണ്ടായിരം മീറ്ററോളം പൊക്കത്തിലുള്ള അഗസ്ത്യമുടി സാഹസികമായി താണ്ടി അഞ്ചു വർഷം തുടരെ മുനിയെ കണ്ടു തൊഴുതു. അഗസ്ത്യവിഗ്രഹത്തിന്റെ ചോട്ടിൽ നിന്ന് ലഭിച്ച കമണ്ഡലുവും യോഗദണ്ഡും മെതിയടിയും വസതിയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. പഴമക്കാരായ ഭക്തർ മുനിയുടെ മുന്നിൽ സമർപ്പിച്ചതാവം ജലപാത്രവും യോഗ വസ്തുക്കളുമെന്ന് സ്വാമിനിയമ്മ വ്യക്തമാക്കി. 51ാം വയസിൽ വ്രതം നോറ്റാണ് ഇവർ അഗസ്ത്യകൂടം സന്ദർശിച്ചത്. കാട്ടാനകളുടെ ഛിന്നം വിളിയും കരടിയുമായുള്ള മുഖാമുഖവും അഗസ്ത്യമല യാത്രയിലെ അവിസ്മരണീയ മുഹൂർത്തങ്ങളായി സ്വാമിനിയമ്മയുടെ മനസിലുണ്ട്. ''നമ്മൾ ആക്രമിക്കുമെന്ന ഭീതി ഇല്ലെങ്കിൽ ഒരു ജീവിയും തിരിച്ച് ആക്രമിക്കില്ല''-ഓർമ്മകൾ പങ്കുവെച്ച് അവർ പറഞ്ഞു. ചെറുപ്പകാലം മുതൽ പാൽക്കുളങ്ങര അഭേദാശ്രമവുമായി ബന്ധമുള്ള സ്വാമിനിയമ്മ അവിടെ വച്ച് പരിചയപ്പെട്ട റിട്ട. ജഡ്ജിയായ മറ്റൊരു വനിതയോടൊപ്പമാണ് ആദ്യ യാത്ര നടത്തിയത്. അവരുടെ ബന്ധുക്കളായ മൂന്ന് പുരുഷന്മാർ തുണയായി ഒപ്പമുണ്ടായിരുന്നു. പക്ഷെ, കോട മഞ്ഞിന്റെ തണുപ്പും ശീതക്കാറ്റും കൊടും കയറ്റവും താണ്ടാൻ കഴിയാതെ ഒപ്പം വന്നവർ അതിരുമലയിലെ വനപാലകരുടെ വിശ്രമ കേന്ദ്രത്തിൽ യാത്ര അവസാനിപ്പിച്ചു. രണ്ടാം ദിവസം വനപാലകരോടൊപ്പം ദുർഘടപാതകൾ പിന്നിട്ട് സ്വാമിനിയമ്മ അഗസ്ത്യദർശനം പൂർത്തിയാക്കി. പിന്നീട് നാലുവർഷവും തനിച്ചായിരുന്നു യാത്ര. വനം വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടു വിവരം പറയും. സ്വാമിനിയമ്മയാണെങ്കിൽ കടത്തി വിടാൻ അനുവാദം നൽകും. മലകയറ്റത്തിന് കഠിന വ്രതം വേണമെന്ന പക്ഷമാണ് സ്വാമിനിയമ്മയ്ക്ക്.

പാലോട് ഊരാളിക്കോണം ശ്രീപുഷ്പ വനത്തിൽ ഉമാനന്ദ എന്ന ഉമാനന്ദ ഭാരതിയാണ് പാലോട്ടുകാരുടെ സ്വാമിനിയമ്മ. 43 വർഷമായി ആശ്രമങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇവർ കേദാർ, അമൃത്‌നാഥ്‌, ബദരീനാഥ്, റിഷികേശ്, ഹരിദ്വാർ, ഹിമാലയം, കുടജാദ്രി, മേരുപർവതം, ശബരിമല, ഗംഗോത്രി, യമുനോത്രി തുടങ്ങി ഇന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചിട്ടുണ്ട്. വാർദ്ധക്യത്തിന്റെ അവശതകൾ വകവയ്ക്കാതെ ആദ്യമായി കടൽ കടക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ സ്വാമിനിയമ്മ. വാഴൂർ ആശ്രമത്തിലെ സന്ദർശകയായ ദുബായ് സ്വദേശിനിയുടെ സഹായത്തോടെയാണ് വിമാന യാത്രയ്ക്കുള്ള ഒരുക്കം. ഫോൺ : 9495701898.