തിരുവനന്തപുരം: ഉടമയുടെ അനുവാദമില്ലാതെ കൃത്രിമ രേഖകളുണ്ടാക്കി 34 വർഷമായി വർക്ക്ഷോപ്പ് നടത്തിയെന്ന പരാതിയിൽ കോർപറേഷന്റെ നടപടി. വർക്ക് ഷോപ്പ്, കോർപറേഷൻ ഇന്നലെ പൂട്ടി സീൽവച്ചു. പേട്ട പള്ളിമുക്കിൽ വർക്ക്ഷോപ്പ് നടത്തുന്ന ശരത്ചന്ദ്രൻ നായർക്കെതിരെയാണ് പള്ളിമുക്ക് സ്വദേശിയായ ആർ.മോഹനും മക്കളും പരാതി നൽകിയിരുന്നത്. നിലവിൽ കോർപറേഷന്റെയോ മലിനീകരണ ബോർഡിന്റെയോ അനുമതിയില്ലാതെയാണ് വർക്ക്ഷോപ്പ് പ്രവർത്തിക്കുന്നതെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പൂട്ടി സീൽ വയ്ക്കുകയായിരുന്നു.
മോഹന്റെ അച്ഛൻ രാമകൃഷ്ണൻ, ശരത്ചന്ദ്രൻ നായർക്ക് 1984ൽ വാടകയ്ക്ക് നൽകിയ നാലര സെന്റ് ഭൂമിയിലായിരുന്നു വർക്ക് ഷോപ്പ്. കൃത്രിമമായി സർവേ നമ്പർ ഉണ്ടാക്കിയും കോർപറേഷൻ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ലൈസൻസ് നേടിയുമാണ് ഇയാൾ സ്ഥലം കൈവശം വച്ചിരിക്കുന്നതെന്നാണ് പരാതി. ഉടമയായ മോഹൻ നിരവധി തവണ സ്ഥലമൊഴിയാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ വഴങ്ങിയില്ലെന്നും തന്റെ പേരിൽ നിയമവിരുദ്ധമായി രേഖകൾ ഉണ്ടാക്കി ലൈസൻസ് നേടിയെടുത്തെന്നും പറയുന്നു. പരാതിയെതുടർന്ന്, ജീർണിച്ച കെട്ടിടം പൊളിച്ചുമാറ്റാൻ കഴിഞ്ഞ ആഗസ്റ്റിൽ ഹൈക്കോടതി വിധിച്ചിരുന്നു.