kodikunnil-suresh

രാഹുലിന്റെ നിർദ്ദേശപ്രകാരം ഇന്ന് തമിഴ്നാട്ടിൽ ദളിത് റാലിയിൽ പങ്കെടുക്കും

തിരുവനന്തപുരം: യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ഇന്ന് നടത്തുന്ന സെക്രട്ടേറിയറ്റ്, കളക്ടറേറ്റ് ഉപരോധസമരങ്ങളിൽ ഒരു ജില്ലയിലും ഉദ്ഘാടകനാക്കാത്തതിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന് പ്രതിഷേധം.

ഇവിടെ ഉൽഘാടകനാക്കിയില്ലെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കൊടിക്കുന്നിൽ ഇന്നലെ തമിഴ്നാട്ടിലെ തൃശിനാപ്പള്ളിയിലേക്ക് പോയി. അവിടെ ദളിത് സംഘടനയായ വിടുതലൈ ചിരുതകൾ കച്ചി സംഘടിപ്പിക്കുന്ന റാലിയിൽ അദ്ദേഹം പങ്കെടുക്കും. രാഹുൽഗാന്ധിയെ ആണ് ക്ഷണിച്ചതെങ്കിലും അദ്ദേഹം അസൗകര്യം കാരണം കൊടിക്കുന്നിലിനെ ചുമതലപ്പെടുത്തുകയായിരുന്നു.

വിടുതലൈ ചിരുതകൾ കച്ചി നേതാവ് തിരുമാളവൻ നേതൃത്വം നൽകുന്ന ദളിത് റാലിയെ സി.പി.എം, സി.പി.ഐ ജനറൽ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി, എസ്. സുധാകർറെഡ്ഢി, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ഡി. രാജ, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയവർ അഭിസംബോധന ചെയ്യും.

കെ.പി.സി.സിയുടെ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരിൽ കെ. സുധാകരനെ കാസർകോട്ട് യു.ഡി.എഫ് ഉപരോധസമരത്തിന്റെ ഉദ്ഘാടകനാക്കിയപ്പോൾ തന്നെ അവഗണിച്ചെന്നാണ് കൊടിക്കുന്നിലിന്റെ പരാതി.