തിരുവനന്തപുരം: ഉച്ചനീചത്വങ്ങളുടെ ഇരുണ്ട കാലത്തിൽ നിന്ന് ഒരു ജനതയെ നവോത്ഥാനത്തിന്റെ പ്രകാശവഴിയിലേക്കു നയിച്ച ശ്രീനാരായണ ഗുരുദേവന്റെ ജീവിതം പുതിയ കാലത്തിന്റെ ഹൃദയത്തിലേക്ക്.ഗുരുവിന്റെ ജനനം മുതൽ മഹാസമാധി വരെയുള്ള ചരിത്രാധ്യായങ്ങൾ ഉൾക്കൊള്ളിച്ച് കൗമുദി ടിവി നിർമ്മിച്ച മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണാർത്ഥം തിരുവനന്തപുരം മുതൽ കാസർകോട് വരെ നടക്കുന്ന റോഡ് ഷോയ്ക്ക് പാറശാലയിൽ ആവേശകരമായ തുടക്കം.
ഇന്നലെ രാവിലെ പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ, ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കി സി.കെ.ഹരീന്ദ്രൻ എം.എൽ.എ റോഡ്‌ഷോയുടെ ജില്ലാ ക്യാപ്റ്റനും എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ സെക്രട്ടറിയുമായ ചൂഴാൽ ജി.നിർമ്മലന് പതാക കൈമാറി. സങ്കുചിത താത്പര്യങ്ങൾ സംരക്ഷിക്കാൻ പിന്തിരിപ്പൻ ശക്തികൾ ബോധപൂർവം ശ്രമിക്കുന്ന കാലഘട്ടത്തിൽ മഹാഗുരു പരമ്പരയുടെ പ്രസക്തി വർദ്ധിക്കുകയാണെന്ന് സി.കെ.ഹരീന്ദ്രൻ പറഞ്ഞു.
യോഗം പാറശാല യൂണിയൻ പ്രസിഡന്റ് എ.പി.വിനോദ് അദ്ധ്യക്ഷനായി. പരമ്പരയുടെ സംവിധായകനായ കൗമുദി ടി.വി ചീഫ് ഓഫ് പ്രോഗ്രാംസ് ഡോ.മഹേഷ് കിടങ്ങിൽ, കേരളകൗമുദി തിരുവനന്തപുരം ബ്യൂറോചീഫ് കെ.പ്രസന്നകുമാർ, ന്യൂസ് എഡിറ്റർ ബി.സുകു,സർക്കുലേഷൻ മാനേജർ എസ്.വിക്രമൻ, ഇവന്റ് മാനേജർ ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
പരമ്പരയുടെ ട്രെയിലർ പ്രദർശനത്തിനു ശേഷം ക്യാപ്റ്റൻ ചൂഴാൽ നിർമ്മലൻ പ്രചരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. നെയ്യാറ്റിൻകര, അരുവിപ്പുറം ക്ഷേത്രം, ബാലരാമപുരം എന്നിവിടങ്ങളിൽ വൻ സ്വീകരണം ഏറ്റുവാങ്ങിയ റോഡ് ഷോയുടെ ആദ്യദിന പര്യടനം പേട്ടയിൽ സമാപിച്ചു.
എസ്.എൻ.ഡി.പി ഹാളിൽ നടന്ന സമ്മേളനം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്തു. മഹാഗുരുവിൽ ഗുരുവിന്റെ ഈശ്വരീയഭാവം നിറഞ്ഞു നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശങ്കരാനന്ദ ഭദ്രദീപം തെളിച്ചു. സ്വാമി പഞ്ചകൈലാസി അനുഗ്രഹപ്രഭാഷണം നടത്തി.