cpi

തിരുവനന്തപുരം:സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധനെ മാറ്റാനും പകരം മുൻ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേന്ദ്രനെ നിർദ്ദേശിക്കാനും സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ ധാരണയായി. കഴിഞ്ഞ കൊല്ലം പാർട്ടി കോൺഗ്രസിൽ ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് അനിരുദ്ധൻ.

ഈ നിർദ്ദേശം ജില്ലാ കൗൺസിലിൽ തർക്കമുണ്ടാക്കുമെന്നാണ് വിവരം. രാജേന്ദ്രനെ നിർദ്ദേശിച്ചാൽ മത്സരത്തിനും സാദ്ധ്യതയുണ്ടെന്നാണറിയുന്നത്. മറുപക്ഷം പി.എസ്. സുപാലിനെയാണ് ഉയർത്തിക്കാട്ടുന്നത്.

കഴിഞ്ഞ കൊല്ലം ജില്ലാ സമ്മേളനത്തിൽ എൻ. അനിരുദ്ധനെ മാറ്റണമെന്ന അഭിപ്രായം ഉയർന്നിരുന്നു.പാർട്ടി കോൺഗ്രസിന്റെ ആതിഥേയ ജില്ലയായതിനാൽ തൽക്കാലം തുടരട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു. പാർട്ടി കോൺഗ്രസിന് ശേഷം അനിരുദ്ധനെ മാറ്റാമെന്ന ധാരണയുണ്ടായതായി നേതൃത്വത്തിൽ ഒരു വിഭാഗം പറയുന്നു. പകരക്കാരനെ ചൊല്ലി തർക്കം നില നിന്നു. ഇതാണിപ്പോൾ സംസ്ഥാന എക്സിക്യൂട്ടിവ് ചർച്ച ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് അനിരുദ്ധനെ നീക്കി രാജേന്ദ്രനെ നിയോഗിക്കാൻ തീരുമാനി ക്കുകയായിരുന്നു. ജില്ലാ കൗൺസിലിൽ തർക്കമുണ്ടായാൽ അവിടെ തീർക്കട്ടെയെന്നാണ് ധാരണ.

എൽ.ഡി.എഫ് ജാഥകൾ

എൽ.ഡി.എഫിന്റെ തെക്കൻ, വടക്കൻ മേഖലാ ജാഥകളുടെ പ്രചാരണവും സംഘാടനവും ആലോചിക്കാൻ തൃശൂർ ഒഴിച്ചുള്ള ജില്ലകളിൽ മേഖലാ യോഗങ്ങൾ വിളിക്കാനും എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഫെബ്രുവരി 14നും 16നും ജാഥകൾ ആരംഭിക്കും.

ജാഥകളിൽ വനിതാ സ്ഥിരാംഗം

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ ജാഥയിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ.പി. വസന്തവും കാനം രാജേന്ദ്രൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. സതീദേവിയും അംഗങ്ങളാവും.