ganja

തിരുവനന്തപുരം:അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചമൂലം കുറ്റപത്രം റദ്ദായ കഞ്ചാവ് കേസ് പുന:രന്വേഷിക്കാൻ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പൊലീസിന് അനുമതി നൽകി.

2018 ഏപ്രിലിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിൽ നിന്ന് 135 കിലോ കഞ്ചാവുമായി മൂന്ന് പേരെ പിടികൂടിയ കേസിലാണ് പൊലീസ് വീണ്ടും കോടതിയെ സമീപിച്ചത്.

ആന്ധ്രയിലെയും തമിഴ് നാട്ടിലെയും വിതരണക്കാരെക്കുറിച്ച് തെളിവുകൾ പുതുതായി ലഭിച്ചതിനാലും കൂടുതൽ പ്രതികളുടെ പങ്ക് ബോദ്ധ്യമായതിനാലും പുതിയ അന്വേഷണം വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അന്യസംസ്ഥാനങ്ങളിൽ നിന്ന്

പ്രതികൾക്ക് കഞ്ചാവ് എത്തിച്ച മൂന്ന് കാറുകളും അന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. മയക്കുമരുന്നു കേസെടുത്ത ഉദ്യോഗസ്ഥൻതന്നെ കുറ്റപത്രം സമർപ്പിക്കാൻ പാടില്ലെന്ന് കഴിഞ്ഞ ആഗസ്റ്റിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതോർക്കാതെ മെഡിക്കൽ കോളേജ് സി. ഐ സമർപ്പിച്ച കുറ്റപത്രം പ്രതികളുടെ പരാതിയെ തുടർന്ന് കോടതി റദ്ദാക്കുകയായിരുന്നു.