parassala

പാറശാല: ചെങ്കൽ പഞ്ചായത്തിലെ കീഴമ്മാകം പാടത്തെ ഔഷധ നെൽകൃഷിയുടെ വിളവെടുപ്പ് നിറപുത്തരി ഉത്സവം ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ് കെ. ബെൻഡാർവിൻ, കീഴമ്മാകം വാർഡ് മെമ്പർ അഡ്വ. പൂഴിക്കുന്ന് ശ്രീകുമാർ, വിവാ സെക്രട്ടറി എസ്.എൻ. സുധീർ, പാറശാല എ.ഡി.എ ജയറാണി, ചെങ്കൽ കൃഷി ഓഫീസർ ബാലചന്ദ്രൻ, പാടശേഖര സമിതി പ്രസിഡന്റ് കൃഷ്ണൻകുട്ടി നായർ, സെക്രട്ടറി ശശികുമാർ എന്നിവർ സംസാരിച്ചു. പുതുതായി നടപ്പിലാക്കുന്ന ഓർഗാനിക് തിയേറ്ററിന്റെ പ്രചരണാർത്ഥം 5 ഏക്കർ സ്ഥലത്ത് ഔഷധ നെൽകൃഷി ആരംഭിച്ചു. പാലക്കാട്ടെ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ നിന്നും എത്തിച്ച ഞവര, ഗന്ഥകശാല എന്നീ ഇനങ്ങളാണ് ഇവിടെ രണ്ടാം വിളയായി കൃഷിയിറക്കിയത്. ആദിവാസി കുറിച്യ മേഖലകളിലാണ് ഔഷധ നെൽകൃഷി ചെയ്തു വന്നിരുന്നതെങ്കിലും ചെങ്കൽ ഗ്രാമ പഞ്ചായത്തിൽ ആദ്യമായിട്ടാണ് ഇത്തവണ ഔഷധ നെൽകൃഷി ചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന കാർഷിക വിളയാണ് ഓഷധ നെല്ലിനങ്ങൾ. കേരളത്തിൽ 62 ഇനം ഔഷധ നെല്ലിനങ്ങളാണുള്ളത്. ഒന്നാം വിളയായി 10 ഇനം ഔഷധ നെല്ലിനങ്ങൾ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് കീഴമ്മാം പാടശേഖര സമിതി.