തിരുവനന്തപുരം: നഗരസഭ ആരോഗ്യ വിഭാഗം പട്ടം, കേശവദാസപുരം, ദേവസ്വം ബോർഡ് ഭാഗങ്ങളിലെ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പട്ടം എൽ.എെ.സിക്ക് സമീപം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ആര്യജ്യോതി ഹോട്ടൽ അടച്ചുപൂട്ടി. ഹോട്ടൽ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നതെന്നും ഹോട്ടലിലെ ജീവനക്കാർക്ക് ആവശ്യമായ മെഡിക്കൽ പരിശോധനയോ ഹെൽത്ത് കാർഡോ ഇല്ലാത്ത സാഹചര്യത്തിലാണ് ഹോട്ടൽ അടച്ച് പൂട്ടുകയും ഉടമസ്ഥന് നോട്ടീസ് നൽകുകയും ചെയ്തതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയുടെ സമയത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആൾക്കാർ നിലവാരം കുറഞ്ഞ ഭക്ഷണമാണ് വിളമ്പുന്നതെന്ന് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. ഹോട്ടലിൽ നിന്ന് പഴകിയ ദോശമാവ്, പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ചപ്പാത്തി, പ്രാണികൾ അടങ്ങിയ മെെദമാവ് എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജീവനക്കാർ ഉപയോഗിക്കുന്ന കക്കൂസ്, കുളിമുറി, വിശ്രമസ്ഥലം എന്നിവ വളരെയധികം വൃത്തിഹീനമായ അവസ്ഥയിലായിരുന്നെന്നും ജീവനക്കാരുടെ കുളിമുറിക്ക് സമീപം സ്ഥാപിച്ചിരുന്ന ടാങ്കിൽ നിറയെ കൊതുകുകൾ പെറ്റ് പെരുകിയിട്ടുണ്ടായിരുന്നതായും നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ദേവസ്വം ബോർഡ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പായ്‌കപ്പൽ എന്ന ഹോട്ടലിൽ നിന്ന് ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ബീഫ്, മട്ടൻ, ഭക്ഷാവശ്യത്തിനായി സൂക്ഷിച്ചിരുന്ന പ്രാണികൾ ഉൾപ്പെട്ട അരി എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഉടമകൾക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. ഹോട്ടൽ, പച്ചക്കറി, പഴം സ്റ്റാളുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ കൃത്യമായ പരിശോധന ഉണ്ടാകുമെന്നും അടുത്ത സാമ്പത്തികവർഷം വ്യാപാര ലൈസൻസ് പുതുക്കുന്ന ഘട്ടത്തിൽ വ്യവസ്ഥകൾ പൂർണമായി പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും നഗരസഭ സെക്രട്ടറി എൽ.എസ്.ദീപ അറിയിച്ചു. സ്‌ക്വാഡിന് നന്തൻകോട് സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്.എസ്.മിനു, സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജി, മനോജ്കുമാർ എന്നിവർ നേതൃത്വം നൽകി.