തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനമായി. ഇതിന്റെ ഭാഗമായി പൊങ്കാല ഉത്സവ മേഖലയായ 21 വാർഡുകളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വില്പന നടത്തിയാൽ കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിക്കും. പൊങ്കാല മഹോത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ കെ.വാസുകിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. ഉത്സവ മേഖലകളിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ വിൽക്കാൻ പാടില്ല. അത്തരത്തിലുള്ള വില്പന ശ്രദ്ധയിൽപ്പെട്ടാൽ കട പൂട്ടിക്കും. ഉത്സവവുമായി ബന്ധപ്പെട്ട് ആരംഭിക്കുന്ന താത്കാലിക കടകൾക്കടക്കം ഇത് ബാധകമാണ്. പ്ലാസ്റ്റിക് കവറിന് പകരം ബ്രൗൺ കവറുകളിൽ ഭക്ഷ്യ സാധനങ്ങൾ വിൽക്കാം. പൊങ്കാലയ്ക്കെത്തുന്നവർ പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ എന്നിവ ഒഴിവാക്കി പകരം മൺകപ്പ്, സ്റ്റീൽ പാത്രങ്ങൾ, പാം പ്ലേറ്റ്‌സ് എന്നിവ ഉപയോഗിക്കണം. ഉത്സവത്തിനായി ലൈസൻസ് നൽകുന്ന താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വിതരണം ചെയ്യാൻ വിലക്കുണ്ട്. അന്നദാനത്തിന് പ്ലാസ്റ്റിക് പാത്രങ്ങളോ കപ്പുകളോ അനുവദിക്കില്ല. പകരം ഇതിനായി ആവശ്യമുള്ള സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും നഗരസഭയിൽ നിന്ന് ലഭ്യമാക്കും. കുടിവെള്ള വിതരണത്തിനായി ബബിൾ ടോപ്പ്,​ ആർ.ഒ സംവിധാനങ്ങൾ ഉപയോഗിക്കണം. ചൂടുവെള്ളവും നൽകാവുന്നതാണ്. നിയമ ലംഘനം നടത്തുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നതിനും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകൾ,​ കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമറുകൾ എന്നിവയിൽ നിന്ന് സുരക്ഷിത അകലം പാലിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ പൊങ്കാല അടുപ്പുകൾ കൂട്ടാൻ പാടുള്ളൂ. മെഡിക്കൽ സംഘത്തെയും ക്ഷേത്ര പരിസരത്ത് വിന്യസിക്കും. ആംബുലൻസ്,​ മരുന്ന് എന്നീ അടിയന്തര സഹായങ്ങൾ ലഭ്യമാക്കും. ഉത്സവത്തിന് ശബ്ദമലിനീകരണം തടയുന്നതിനുള്ള നടപടികളും കർശനമാക്കിയിട്ടുണ്ട്. നിയമ ലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും. പൊങ്കാലയ്ക്ക് സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഹോട്ടലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെയും ആരോഗ്യ വകുപ്പിനെയും ചുമതലപ്പെടുത്തി. പൊങ്കാലയുമായി ബന്ധപ്പെട്ട് ട്രെയിൻ,​ കെ.എസ്.ആർ.ടി.സി എന്നിവയുടെ സ്പെഷ്യൽ സർവീസുകളുമുണ്ടാകും.