തിരുവനന്തപുരം: ശ്രേഷ്ഠ ഭാഷയായ മലയാളത്തിനുള്ള സമഗ്ര സംഭാവനയ്‌ക്ക് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം നൽകുന്ന ശ്രേഷ്ഠ ഭാഷാ പുരസ്കാരത്തിന് പ്രമുഖ ഭാഷാശാസ്‌ത്രജ്ഞനായ ഡോ. വി. ആർ പ്രബോധ ചന്ദ്രൻ നായർ അർഹനായി. അഞ്ച് ലക്ഷം രൂപയും ബഹുമതി സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്. കേരള സർവ്വകലാശാലയിലെ ഭാഷാ ശാസ്ത്രവിഭാഗം മേധാവിയായിരുന്നു. കേരളത്തിനകത്തും പുറത്തും വിവിധ സർവ്വകലാശാലകളിൽ അതിഥി പ്രൊഫസറായും ജോലി ചെയ്യുന്നുണ്ട്. കേരള കലാമണ്ഡലത്തിന്റെ ചെയർമാനായിരുന്നു. ഗവേഷണാചാര്യൻ, പ്രഭാഷകൻ, നിരൂപകൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായ ഇദ്ദേഹം വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ പ്രസിഡന്റുമാണ്.