തിരുവനന്തപുരം: രാജ്യത്ത് ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്നും കോൺഗ്രസ് ഇതര മതേതര, ജനാധിപത്യ പാർട്ടികളുടെ ഐക്യത്തിന്റെ വിജയമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഭവിക്കുകയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാളയത്ത് ബി.ജെ.പിയും കോൺഗ്രസും വിട്ട് സി.പി.എമ്മിൽ ചേർന്നവർക്ക് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ജനങ്ങൾക്ക് വിശ്വസിക്കാം. കോൺഗ്രസിനെ വിശ്വസിക്കാനാകില്ല. കോൺഗ്രസ് ജയിച്ചാൽ അവർ‌ കോൺഗ്രസ് ആയിത്തന്നെ തുടരുമെന്ന് യാതൊരു ഉറപ്പുമില്ല. കോൺഗ്രസിന് ആർ.എസ്.എസ് മൃദുസമീപനമാണ്. വിശ്വാസത്തിന്റെ പേരിൽ ആർ.എസ്.എസ് ഉയർത്തുന്ന അതേ മുദ്രാവാക്യമാണ് കോൺഗ്രസും ഉയർത്തുന്നതെന്ന് കോടിയേരി പറഞ്ഞു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എസ്.കൃഷ്ണകുമാർ, ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് വർക്കല, ഡി.സി.സി മെമ്പർ ഷാജിമോൻ, ഉഴമലയ്ക്കൽ ജയകുമാ‌ർ, വി.സുകുമാരൻ, ഓമനയമ്മ അടക്കം അൻപത്തൊന്ന് പേർക്കാണ് സി.പി.എം പാർട്ടി അംഗത്വം നൽകിയത്.

ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷനായിരുന്നു. വി.ശിവൻകുട്ടി, എം.വിജയകുമാർ, സി.ജയൻബാബു, ബി.പി മുരളി, പുത്തൻകട വിജയൻ, പ്രസന്നകുമാ‌ർ തുടങ്ങിയവർ സംസാരിച്ചു.

അയ്യപ്പസംഗമമല്ല, കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഗമം

അയ്യപ്പസംഗമം എന്ന പേരിൽ പുത്തരിക്കണ്ടത്ത് നടത്തിയത് വിശ്വാസ സംരക്ഷണ പരിപാടിയായിരുന്നില്ലെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഗമമായിരുന്നുവെന്നും കോടിയേരി പറഞ്ഞു. സ്വാമി ചിതാനന്ദപുരി അടക്കം പ്രസംഗിച്ചവരെല്ലാം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കമ്മ്യൂണിസ്റ്റ് നേതാക്കൾക്കുമെതിരെ സംസാരിക്കാൻ മത്സരിക്കുകയായിരുന്നു. രാഷ്ട്രീയ പ്രസംഗം നടത്തുന്നതാണോ സന്യാസിമാരുടെ രീതി. സ്ത്രീപ്രവേശനത്തെ നേരത്തെ അനുകൂലിച്ചവരാണ് ചിതാനന്ദപുരിയും ശ്രീ ശ്രീ രവിശങ്കറും അമൃതാനന്ദമയിയുമെല്ലാം. എന്നാൽ ആർ.എസ്.എസ് നിലപാട് മാറ്റുമ്പോൾ ഇവരും നിലപാടു മാറ്റുന്നു. അമൃതാനന്ദമയിയെ അയ്യപ്പസംഗമത്തിൽ പങ്കെടുത്തത്‌ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. അതിനെ എതിർക്കാതിരുന്നാൽ അമൃതാനന്ദമയിയുടെ നിലപാടിനെ നമ്മൾ അംഗീകരിക്കുന്നതായി വരും. ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവർത്തന വേദിയാക്കരുത്. ആക്കിയാൽ അവിടം തീവ്രവാദികൾ കൈയടക്കും. ആർ.എസ്.എസ് കേരളത്തിൽ ഇപ്പോൾ നടപ്പിലാക്കുന്ന അജൻഡ അതാണെന്നും കോടിയേരി പറഞ്ഞു.