തിരുവനന്തപുരം:ഇടപെടലുകൾ ഇല്ലാതെ സമൂഹത്തിൽ മാറ്റം ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സാമൂഹിക മാറ്റം ഉണ്ടാവുമ്പോൾ യാഥാസ്ഥിതിക എതിർപ്പുകൾ സ്വാഭാവികമാണെന്നും ഗാന്ധി പാർക്കിൽ യുവകലാസാഹിതി സാംസ്‌കാരിക യാത്ര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
ശാസ്ത്ര ക്രോൺഗ്രസുകളിൽ കേന്ദ്രമന്ത്രിമാർ ശാസ്ത്രവിരുദ്ധ പ്രബന്ധങ്ങൾ അവതരിപ്പിക്കുന്ന കാലമാണിത്. കേരള സമൂഹത്തെ യുക്തിചിന്തയുടെയും ശാസ്ത്ര ബോധത്തിന്റെയും വേദിയിൽ ഉറപ്പിച്ച് നിറുത്തണം. സാമൂഹിക പുരോഗതിക്കായുള്ള പോരാട്ടം തുടരുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് സാംസ്കാരിക പ്രവർത്തകർ സാംസ്കാരിക ജാഥ നടത്തിയതെന്നും കാനം പറഞ്ഞു.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജീവിത സൗകര്യങ്ങൾ നിഷേധിച്ച സമൂഹങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. സോഷ്യലിസ്റ്റ് രാജ്യമല്ലാത്ത പല യൂറോപ്യൻ രാജ്യങ്ങളിലും ജനങ്ങൾ പട്ടിണി കിടക്കുന്നില്ല. സോഷ്യലിസം പറയുകയും അത് നേടാൻ കഴിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും അടൂർ പറഞ്ഞു. വിഷലിപ്തമായ ആത്മീയതയ്ക്കാണ് കേരളം വഴി മാറുന്നതെന്ന് കവി പ്രഭാവർമ്മ പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാർ, ഡോ.ജോർജ് ഓണക്കൂർ, പന്ന്യൻ രവീന്ദ്രൻ, കെ. പ്രകാശ് ബാബു തുടങ്ങിയവർ സംസാരിച്ചു. ജനുവരി 10ന് കാസർകോട്ട് നിന്ന് ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച സാംസ്കാരിക യാത്രയാണ് ഇന്നലെ ഗാന്ധി പാർക്കിൽ സമാപിച്ചത്.