തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഒമ്പത് പഠന വിഭാഗങ്ങളിൽ 48 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ സിൻഡിക്കേറ്റ് യോഗം സർക്കാരിനോട് ശിപാർശ ചെയ്തു. സ്കൂൾ അദ്ധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് പാർട് ടൈം ഗവേഷണത്തിന് അവസരമൊരുക്കാനും യോഗം തീരുമാനിച്ചു.
29 അസി. പ്രൊഫസർ, 13 അസോസിയേറ്റ് പ്രൊഫസർ, ആറ് പ്രൊഫസർ തസ്തികകളാണ് സൃഷ്ടിക്കേണ്ടത്. ബയോടെക്നോളജി, എൻവയോൺമെന്റൽ സയൻസ്, ഡെമോഗ്രഫി, ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെൻറ് ഇൻ കേരള, ലാ, നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി, ഒപ്ടോ ഇലക്ട്രോണിക്സ്, സോഷ്യോളജി, ഇന്റർനാഷനൽ സെൻറർ ഫോർ കേരള സ്റ്റഡീസ് എന്നീ പഠന വിഭാഗങ്ങളിലാണ് അദ്ധ്യാപക തസ്തിക സൃഷ്ടിക്കേണ്ടത്.
സ്കൂൾ അദ്ധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി ചെയ്യുന്നവർ, സർവകലാശാലയിലെ സ്ഥിരം അദ്ധ്യാപകേതര ജീവനക്കാർ, മറ്റ് സർവകലാശാലകളിലെ അദ്ധ്യാപകർ, കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ അദ്ധ്യാപകർ തുടങ്ങിയവർക്കാണ് പാർട് ടൈം ഗവേഷണത്തിന് അവസരമൊരുക്കുക. സർവകലാശാലയിൽ ഒഴിവ് വരുന്ന പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഒാഫീസർ, സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ, സെന്റർ ഫോർ അഡൽട്ട് ആൻഡ് കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ അസി. ഡയറക്ടർ തസ്തികകളിൽ നിയമനത്തിന് വിജ്ഞാപനമിറക്കാനും തീരുമാനിച്ചു. ഫെബ്രുവരിയിൽ അന്താരാഷ്ട്ര വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഫെബ്രുവരി 28 ന് സർവകലാശാലയിൽ ദേശീയ ശാസ്ത്രദിനം വിപുലമായി ആഘോഷിക്കും. അന്താരാഷ്ട്ര ശ്രീനാരായണ പഠന – ഗവേഷണ കേന്ദ്രത്തിെന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നവോത്ഥാന മൂല്യങ്ങൾ പ്രചരിപ്പിക്കാൻ പര്യാപ്തമായ പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കും. സർവകലാശാലയുടെ പെർഫോർമിംഗ് ആർട്സ് വിഭാഗത്തിെൻറ വാഗൺ തിയേറ്റർ നാടക പ്രദർശനം വിവിധ കോളജുകളിൽ നടത്തുന്നതിനും സ്മാരക പ്രഭാഷണം സംഘടിപ്പിക്കുന്നതിനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.