sajna

തിരുവനന്തപുരം: ധനശ്രീ രാഗത്തിൽ സ്വാതിതിരുനാളിന്റെ കീർത്തനം അവസാനിച്ചപ്പോൾ നിലയ്‌ക്കാത്ത കൈയടികളോടെ സദസിന്റെ അനുമോദനം. 42 മണിക്കൂർ തുടർച്ചയായി പാടിയ സജ്‌ന വിനീഷ് കൈപ്പിടിയിലൊതുക്കിയത് ലോക റെക്കാഡ്. വൈശാഖ് സിസ്റ്റേഴ്സ് സ്ഥാപിച്ച 36 മണിക്കൂറിന്റെ ലിംക റെക്കാഡും 40 മണിക്കൂറുള്ള ഗിന്നസ് റെക്കാഡുമാണ് സജ്‌ന മറികടന്നത്. സൂര്യ ഫെസ്റ്രിവലിനോടനുബന്ധിച്ചാണ് സംഗീതാദ്ധ്യാപികയായ സജ്ന വിനീഷ് തന്റെ സംഗീതക്കച്ചേരി അവതരിപ്പിച്ചത്. 42 മണിക്കൂർ പൂർത്തിയാക്കിയ രാത്രി 9.30 ന് സൂര്യ കൃഷ്ണമൂർത്തി വേദിയിലെത്തി ഷാൾ അണിയിച്ച് ആദരിച്ചു. പിന്നാലെ സംഗീതജ്ഞരായ ഡോ. ഓമനകുട്ടി ടീച്ചർ, ബി.അരുന്ധതി, കാവാലം ശ്രീകുമാർ, ബി.ശ്രീറാം എന്നിവരും ആശംസകളുമായെത്തി. അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന് സമർപ്പണമായി തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ആരംഭിച്ച കച്ചേരിയാണ് ഇന്നലെ രാത്രി ഒമ്പതരയോടെ അവസാനിച്ചത്. കർണാടക സംഗീതത്തിലെ കൃതികളും ശ്ളോകങ്ങളുമാണ് സജ്ന ആലപിച്ചത്. തിരുവനന്തപുരം വിമെൻസ് കോളേജിൽ സംഗീത വിഭാഗത്തിൽ അസിസ്റ്രന്റ് പ്രൊഫസറാണ് നർത്തകി കൂടിയായ സജ്ന. മൈഥിലി ടീച്ചറുടെ ശിക്ഷണത്തിലാണ് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചത്. സംഗീതത്തിലേക്ക് വഴിതിരിച്ചുവിട്ടതും ടീച്ചർ തന്നെ. സംഗീതം കൂടുതലും അഭ്യസിച്ചത് ഡോ. ഓമനക്കുട്ടി ടീച്ചറുടെ ശിക്ഷണത്തിലാണ്. സൂര്യ കൃഷ്ണമൂർത്തിയും സഹ അദ്ധ്യാപകരും ഗുരുക്കന്മാരും നൽകിയ പിന്തുണയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതിന് പിന്നിലെന്ന് സജ്‌ന പറഞ്ഞു. സൂര്യയുടെ ആഭിമുഖ്യത്തിൽ മുമ്പ് അനന്തലക്ഷ്‌മി വെങ്കിട്ടരാമൻ 36 മണിക്കൂർ സംഗീതക്കച്ചേരി മുമ്പ് നടത്തിയിരുന്നെങ്കിലും അത് റെക്കാഡ് ചെയ്യപ്പെട്ടില്ല. അന്നത്തെ മുഴുവൻ പോരായ്‌മയും തീർത്താണ് പുതിയ റെക്കാഡ് നേട്ടം സൂര്യയുടെ ആഭിമുഖ്യത്തിൽ സ്വന്തമാക്കുന്നതെന്ന് സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. മെഡിക്കൽകോളേജ് പുതുപ്പള്ളി ലെയ്‌നിൽ ചിറയിൽ സുധീറിന്റെയും അനിതയുടെയും മകളാണ്. ഭർത്താവ് വിനീഷ് ദുബായിൽ എൻജിനിയർ. മൂന്നാം ക്ളാസ് വിദ്യാർത്ഥി രാഘവ് മകൻ.