തിരുവനന്തപുരം:ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാതായ രോഗിയെ കണ്ണാശുപത്രിക്ക് പിന്നിലായുള്ള കുറ്റിക്കാട്ടിലെ കുഴിയിൽ കണ്ടെത്തി. കിള്ളിപ്പാലം സി.എസ്.എസ്. ഹാളിന് സമീപം ടി.സി. 39 / 1594ൽ എം.വി നിവാസിൽ സുനിൽകുമാറിനെയാണ് (47) അവശനിലയിൽ പതിനഞ്ചടി താഴ്ചയുള്ള കുഴിയിൽ നിന്ന് ചെങ്കൽചൂള ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.
മദ്യപാനത്തെത്തുടർന്നുണ്ടായ അവശതകളാൽ ഏതാനും ദിവസങ്ങളായി ദിവസങ്ങളായി ഇയാൾ ജനറൽ ആശുപത്രിയിലെ ഒന്നാം വാർഡിൽ ചികിത്സയിലായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ കഴിഞ്ഞ 21ന് ഉച്ചയോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. ആശുപത്രി പരിസരത്ത് അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് ആറരയോടെ കുറ്റിക്കാട്ടിൽ നിന്ന് സംശയാസ്പദമായ ശബ്ദങ്ങൾ കേട്ടതിനെത്തുടർന്ന് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കുഴിയിൽ നിന്ന് അവശനിലയിലായ സുനിൽകുമാറിനെ കണ്ടെത്തി. പൊലീസ് അറിയിച്ചതിനെത്തുടർന്നാണ് ചെങ്കൽചൂള ഫയർഫോഴ്സ് സ്ഥലത്തിയത്. ഫയർമാൻ സന്തോഷാണ് സുനിൽകുമാറിനെ പുറത്തെത്തിച്ചത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദത്തിൽ കുഴിയിൽ അകപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.