തിരുവനന്തപുരം : നഗരസഭയുടെ നേതൃത്വത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടാൻ തീരുമാനിച്ചു. നഗരസഭയുടെ വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് വിളിച്ചുചേർത്ത യോഗമാണ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്കെതിരെ കർശനനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കവടിയാർ പാർക്ക് നവീകരണം, പാങ്ങോട് ഫിഷ്‌മാർക്കറ്റ് പുനരുദ്ധാരണം, സെക്രട്ടേറിയറ്റ് ഹെൽത്ത് സർക്കിൾ ഓഫീസ് നിർമ്മാണം എന്നിവയുടെ നിർവഹണത്തിൽ ഒട്ടും പുരോഗതിയില്ലാത്തതിനാൽ മേയർ അസംതൃപ്തി രേഖപ്പെടുത്തി. തുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം ആരായാൻ തീരുമാനിച്ചത്.
കവടിയാർ പാർക്ക് നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഒക്ടോബർ 10ലെ മിനിട്ട്‌സിലെ തീരുമാനം നടപ്പാക്കുന്നതിന് അനാവശ്യ കാലതാമസം വരുത്തിയ അസി. എക്‌സിക്യുട്ടീവ് എൻജിനിയർക്ക് മെമ്മോ കൊടുക്കുന്നതിനും സെക്രട്ടേറിയറ്റ് ഹെൽത്ത് സർക്കിൾ ഓഫീസിന്റെ നിർമ്മാണം ഏറ്റെടുത്ത അക്രഡിറ്റഡ് ഏജൻസിയായ ഹാബിറ്റാറ്റിന് തുക നൽകുന്നതിലുണ്ടായ കാലതാമസത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു വിശദീകരണം ആവശ്യപ്പെടുന്നതിനും രണ്ട് ദിവസത്തിനകം ഏജൻസിക്ക് തുക നൽകി റിപ്പോർട്ട് ചെയ്യുന്നതിനും നിർദ്ദേശം നൽകി. പാങ്ങോട് ഫിഷ്‌മാർക്കറ്റിന്റെ നവീകരണം ഏറ്റെടുത്ത ഏജൻസിക്ക് യഥാസമയം തുക വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകുന്നതിനും മേയർ നിർദ്ദേശം നൽകി.