fire

തിരുവനന്തപുരം: കരമനയിൽ ഡി.വൈ.എഫ്.ഐ നേതാവിന്റെ കടകൾ കത്തിനശിച്ചു. ആണ്ടിയിറക്കത്തിൽ കരമന - കളിയൽ റോഡിൽ ഡി.വൈ.എഫ്.ഐ നേതാവ് അനിൽ എന്ന സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടർ വർക്ക്ഷോപ്പ്, വിറക് കട, മെറ്റൽ കട എന്നിവയാണ് ഇന്നലെ രാത്രി 10.30ഓടെ പൂർണമായും കത്തിനശിച്ചത്. കടകൾ വാടകയ്‌ക്ക് നൽകിയിരിക്കുകയായിരുന്നു. കടയുടെ ഒരുഭാഗം പാപ്പനംകോട് എസ്റ്റേറ്റിൽ സത്യൻ നഗറിൽ ടി.സി 51 / 1348 (8)ൽ മുരുകനാണ് സ്‌കൂട്ടർ വർക്ക്ഷോപ്പ് നടത്തുന്നത്. വർക്ക്ഷോപ്പിലുണ്ടായിരുന്ന മുരുകന്റെ വാഹനമടക്കം മൂന്ന് വാഹനങ്ങൾ അഗ്നിക്കിരയായി. അനിലിന്റെ വിറകുകടയും മെറ്റൽ കടയുമാണ് കത്തിയത്. ആർ.എസ്.എസുകാരാണ് കടയ്‌ക്ക് തീയിട്ടതെന്നാണ് അനിൽ ആരോപിച്ചു. ഫ്ലക്‌സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പട്ട് രണ്ട് ദിവസം മുമ്പ് ഡി.വൈ.എഫ്.ഐ.- ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ കടയുടെ സമീപം വാക്കുതർക്കമുണ്ടായതായി ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. തീപിടിത്തതിനുശേഷം സ്ഥലത്ത് ആർ.എസ്.എസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കരമന പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അനിലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. അവകാശ തർക്കത്തെത്തുടർന്ന് കേസിലുള്ള വസ്‌തുവിലാണ് കട പ്രവർത്തിക്കുന്നതെന്ന് കരമന പൊലീസ് പറയുന്നു.