തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്നും. പുതിയ കേരളമുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ഒരു ജനതയെയാകെ അനാഥരാക്കിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രളയാനന്തര ഭരണ സ്തംഭനത്തിലും വിശ്വാസികളോടു കാട്ടിയ വഞ്ചനയിലും ക്രമസമാധാന തകർച്ചയിലും പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾക്ക് മുന്നിലായിരുന്നു സമരം. ആയിരക്കണക്കിന് പ്രവർത്തകരും നേതാക്കളും സമരങ്ങളിൽ പങ്കെടുത്തു.
യു.ഡി.എഫ് തകരുമെന്ന് ചിലർ വ്യാമോഹിക്കുന്നത് കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണത്തിലിരിക്കാത്തതിനാലാണ്. ആ തോന്നൽ വേണ്ട. കേരളത്തിൽ അത്യുജ്ജ്വല വിജയമാണ് യു.ഡി.എഫ് നേടാൻ പോകുന്നത്.
ശബരിമല വിഷയം ആളിക്കത്തിക്കാൻ മറ്റാരെക്കാളും താത്പര്യം മുഖ്യമന്ത്രിക്കായിരുന്നു. ഇക്കാര്യത്തിൽ യു.ഡി.എഫിന്റേതായിരുന്നു നൂറു ശതമാനവും സത്യസന്ധമായ നിലപാട്. വർഗീയമതിലിന് പിന്നാലെ മൂടുപടമിട്ട് ആരുമറിയാതെ രണ്ട് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി വാശി തീർത്തു. ഇത് വിശ്വാസികളിലുണ്ടാക്കിയ മുറിവുണങ്ങിയിട്ടില്ല. അവർ എണ്ണിയെണ്ണി പകരം ചോദിക്കും.
ആയിരം ദിവസത്തിനിടയിൽ ഏതെങ്കിലും പദ്ധതിക്ക് തറക്കല്ലിടാൻ സർക്കാരിന് കഴിഞ്ഞോ? പദ്ധതികൾ ആവിഷ്കരിക്കുന്നുവെന്ന് പറഞ്ഞ് അവിടെ ഇരുന്നോളൂ. അടുത്ത തിരഞ്ഞെടുപ്പിൽ ആണുങ്ങൾ വന്ന് വികസനമെത്തിച്ചോളും. കൈത്തറി, കശുഅണ്ടി തെഴിലാളികൾ പട്ടിണിയിലും കർഷകർ ആത്മഹത്യയുടെ വക്കിലുമാണ്. 10-15 വർഷം തൊഴിലെടുത്ത എംപാനലുകാർ സെക്രട്ടേറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം നടത്തുന്നു. ഏതെങ്കിലും ചെറുപ്പക്കാരന് ജോലി കിട്ടിയോ? ക്രമസമാധാന നില അനുദിനം വഷളായി. 28 പൊലീസ് വണ്ടികളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര. ഈ പിണറായി വിജയനെ ആരെന്ത് ചെയ്യാനാണ്? ഊരിപ്പിടിച്ച വാളിന് മുന്നിലൂടെ നടന്നയാളാണെന്ന് പറയുന്നു. ഒരു മര്യാദ വേണ്ടേ? നട്ടെല്ലുള്ള ഒരാളെങ്കിലും ഈ മന്ത്രിസഭയിലുണ്ടോ?
കള്ളനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഈ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയെന്ന ദൗത്യമാണ് ജനങ്ങൾക്കുള്ളതെന്ന് രമേശ് പറഞ്ഞു.
സോളമൻ അലക്സ് അദ്ധ്യക്ഷത വഹിച്ചു. ശശി തരൂർ, മഞ്ഞളാംകുഴി അലി, വി.എസ്. ശിവകുമാർ, എം.വിൻസന്റ്, എം.എം.ഹസ്സൻ, എൻ. ശക്തൻ, തമ്പാനൂർ രവി, എൻ. പീതാംബരക്കുറുപ്പ്, ബീമാപള്ളി റഷീദ്, സി.പി. ജോൺ, പാലോട് രവി, ടി.ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.