1

വിഴിഞ്ഞം: പുനരുദ്ധാരണമില്ലാതെ വിഴിഞ്ഞത്ത് ചരിത്രപഴമകൾ പേറിനിൽക്കുന്ന ക്ഷേത്രങ്ങൾക്കുമീതെ ആൽമരങ്ങൾ പടർന്നുപന്തലിക്കുകയാണ്. ക്ഷേത്ര കെട്ടിടങ്ങൾ കുറ്റിക്കാടിനുള്ളിൽ ആൽമരത്തിന്റെ വേരുകൾ മൂടി നാശത്തിന്റെ വക്കിലാണ്. വിഴിഞ്ഞം ബീച്ച് റോഡിൽ ചന്തയ്ക്ക് സമീപത്തെ വളപ്പിൽ പുരാതന കാലത്ത് നിർമ്മിച്ച അമ്പലങ്ങൾ ഉള്ളത്. വിലയോറിയ ചരിത്രശേഷിപ്പുകൾ നശിക്കാൻ തുടങ്ങിയതോടെ വർഷങ്ങൾക്ക് മുൻപ് പുരാവസ്ഥുവകുപ്പ് ഇവയുടെ സംരക്ഷണത്തിന് മുൻകൈയെടുത്തു. ദേവസ്വംവകുപ്പ് ചുറ്റുമതിൽ നിർമ്മിച്ചതോടെ ഇവിടുത്തെ നവീകരണവും നിലച്ചു. ക്ഷേത്രത്തിൽ പടർന്നുപിടിച്ച അരയാൽമരത്തിന്റെ കുറച്ച് ഭാഗം അന്ന് മുറിച്ച് മറ്റിയിരുന്നു. എന്നാൽ ഇന്നത് വീണ്ടും വളർന്ന് ക്ഷേത്രത്തിന്റെ ഭൂരിഭാഗവും മൂടിയിരിക്കുകയാണ്.

ക്ഷേത്രത്തിന്റെ തുടർ പുനരുദ്ധാരണവും സംരക്ഷണ ജോലികളും നടത്തുന്ന കാര്യത്തിൽ അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ക്ഷേത്രത്തിന്റെ നവീകരണത്തിനുള്ള തടസങ്ങൾ നീക്കം ചെയ്യാൻ അന്നത്തെ ഗ്രാമപഞ്ചായത്ത് അധികൃതർ ദേവസ്വം അധികൃതർക്ക് കത്തു നൽകിയെങ്കിലും നടപടിയായില്ല. ദേവസ്വം ബോർഡിന്റെ വെങ്ങാനൂർ സബ് ഗ്രൂപ്പിൽപ്പെട്ട ഈ ക്ഷേത്രത്തിൽ ചോള കലയുടെ സവിശേഷതകളും ഉണ്ട്. ചോള കാല ഘട്ടത്തിൽ ഇവിടെ പണിത 54 ഓളം ക്ഷേത്രങ്ങളിൽ പെട്ടതാണിവയെന്നു കരുതുന്നു. ക്ഷേത്രങ്ങളിലൊന്നിൽ ശിവലിംഗപ്രതിഷ്ഠയും മറ്റൊന്നിൽ മഹാവിഷ്ണുവുമാണ്. സംസ്ഥാന പുരാവസ്തു അധികൃതരോ ദേവസ്വം ബോർഡ് അധികൃതരോ ഇവയുടെ സംരക്ഷണത്തിന് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രങ്ങൾ പുനരുദ്ധാരണം നടത്തി സംരക്ഷിച്ചാൽ ചരിത്ര വിദ്യാർത്ഥികളുടെ പഠത്തിനു സഹായകരമാകുമെന്നും ടൂറിസം വകുപ്പ് ഏറ്റെടുത്താൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു.