f

ബാലരാമപുരം: പഞ്ചായത്തിൽ രണ്ടാം വാർഡിലെ തേമ്പാമുട്ടം​ പുത്രക്കാട് റോഡിന് ഇനി ശാപമോക്ഷം. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡാണ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നത്. റോഡിന്റെ ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായെങ്കിലും ടാറിംഗ് മാസങ്ങളോളം തടസപ്പെട്ടിരുന്നു. ഇതുവഴി ആർക്കും നടക്കാൻപോലും പറ്റാത്ത രീതിയിൽ പരിതാപകരമാണ് റോഡിന്റെ അവസ്ഥ. റോഡ് നവീകരണത്തി ഫണ്ട് അനുവദിച്ചെങ്കിലും ഈ ടെൻഡർ മുഖേനയുള്ള റോഡ് പണികൾ മിക്കതും കാലതാമസം നേരിടുന്നതും മെറ്റ‍ൽ ഉത്പന്നങ്ങളുടെ അനിയന്ത്രിത വിലവർദ്ധനവ് കാരണം എഗ്രിമെന്റ് വയ്ക്കാൻ കരാറുകാർ തയാറാവാത്തതും റോഡ് നവീകരണജോലികൾ അവതാളത്തിലാക്കി. നടക്കാൻപോലും പറ്റാവിധം റോഡ് തകർന്നതോടെ ഇവിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ റോഡിന്റെ നിർമ്മാണം വീണ്ടും ആരംഭിച്ചത്.

പഞ്ചായത്ത് ഫണ്ടിൽ റോഡ് നവീകരണത്തിനുള്ള തുക ലഭിക്കാതായതോടെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്.കെ. പ്രീജ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന് 25 ലക്ഷം രൂപ അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തേമ്പാമുട്ടം മുതൽ പുത്രക്കാട് വരെയുള്ള പൊട്ടിപ്പൊളിഞ്ഞ ഭാഗം നവീകരിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയായി റോഡ് നിർമ്മാണത്തിനുള്ള സാധനങ്ങൾ ഇറക്കിയപ്പോഴാണ് മഴയും പ്രളയവും ഉണ്ടായത്. അതോടെ മൂന്ന് മാസത്തോളം കരാറുകാരൻ പണികൾ വൈകിപ്പിച്ചു. എന്നാൽ റോഡിന്റെ ടാറിംഗ് പൂർത്തിയാക്കി ഒപ്പം റോഡിന്റെ ഇരുവശവും കോൺക്രിറ്റ് പാകി സുരക്ഷിതത്വം ഉറപ്പുവരുത്തിയതായി എൻജിനീയർ അറിയിച്ചു.

ബാലരാമപുരം –എരുത്താവൂർ റോഡിൽ രൂപപ്പെട്ടിരിക്കുന്ന വൻ കുഴികളടയ്ക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാലരാമപുരം മുതൽ എരുത്താവൂർ വരെ രണ്ട് കിലോമീറ്റർ ഭാഗം പൊട്ടിപ്പൊളിഞ്ഞ് ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കരാറുകാരനെ പരാതി അറിയിച്ചിട്ടും റോഡിലെ കുഴികളടക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.ബാലരാമപുരം -എരുത്താവൂർ റോഡിൽ പലഭാഗത്തും റോഡിന് നടുവിൽ രൂപപ്പെട്ട വൻ കുഴികൾ വാഹനയാത്രക്കാരുടെ നടുവൊടിക്കുകയാണ്. ബാലരാമപുരം –എരുത്താവൂർ റോഡിൽ മെയിന്റെനൻസിന് 5 ലക്ഷം രൂപ അനുവദിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചെങ്കിലും നവീകരണ ജോലികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല.