editorial-

പൊലീസിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന മോശം പ്രതിച്ഛായ ബലപ്പെടുത്തുന്നതാണ് 'ഒാപ്പറേഷൻ തണ്ടർ" എന്ന പേരിൽ വിജിലൻസ് വിഭാഗം നടത്തിയ റെയ്ഡുകളിലൂടെ വെളിപ്പെട്ട വിവരങ്ങൾ. അൻപത്തിമൂന്ന് പൊലീസ് സ്റ്റേഷനുകളിലാണ് മിന്നൽ പരിശോധന നടന്നത്. പണം തിരിമറിയും തൊണ്ടിമുതൽ സൂക്ഷിക്കുന്നതിലെ കൃത്രിമങ്ങളും ഉൾപ്പെടെ ക്രമക്കേടുകളുടെ പരമ്പരതന്നെയാണ് റെയ്ഡിൽ കാണാനായത്.

കള്ളം കണ്ടുപിടിക്കാനും നിയമം നടപ്പാക്കാനും ചുമതലപ്പെട്ട പൊലീസ് തന്നെ നിയമലംഘകരായി മാറുന്ന കാഴ്ചയാണിവിടെ. വാദിയും പ്രതിയും ഒരേപോലെ 'ശിക്ഷി"ക്കപ്പെടുന്ന ഇടങ്ങളായി പൊലീസ് സ്റ്റേഷനുകൾ മാറിയാൽ നീതിതേടി സാധാരണക്കാർ ആരെ സമീപിക്കുമെന്ന ചോദ്യം പ്രസക്തമാണ്. പോക്കറ്റ് നിറയാൻ പാകത്തിൽ മാഫിയകൾ വിലസുന്ന ഇടങ്ങളിലെ സ്റ്റേഷനുകളിൽ പോസ്റ്റിംഗ് ലഭിക്കാനുള്ള ചരടുവലികൾ തൊട്ടു തുടങ്ങുന്നു അഴിമതിയുടെ രാജപാതകൾ. മണൽകടത്ത്, ക്വാറി ഖനനം, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങിയവ പണം ഉൗറ്റാനുള്ള വഴികളാണ്. മിന്നൽ പരിശോധന നടന്ന എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് കണ്ടെത്താനായി. പൊലീസ് സ്റ്റേഷനുകളിൽ നടക്കാറുള്ള ക്രമവിരുദ്ധ പ്രവൃത്തികൾ സാധാരണ ഗതിയിൽ പുറം ലോകത്തിന്റെ ശ്രദ്ധയിൽ പെടാറില്ല. അഥവാ ശ്രദ്ധയിൽപ്പെട്ടാലും എത്തിനോക്കാൻ പോലും ജീവഭയമുള്ളവർ മടിക്കും.

കാലാകാലം സ്റ്റേഷൻ പരിശോധന നടത്തി എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടത് മേലുദ്യോഗസ്ഥന്മാരുടെ കർത്തവ്യങ്ങളിൽ പെടുന്നതാണ്. ഇത് കൃത്യമായി നടക്കുന്നില്ലെന്നതിന്റെ തെളിവാണ് മിന്നൽ പരിശോധന നടന്ന സ്റ്റേഷനുകളുടെ കോലംകെട്ട അവസ്ഥ. കണക്കിൽപെടാത്ത സ്വർണവും പണവും സൂക്ഷിക്കുന്നത് കുറ്റകരമാണെന്നാണ് വയ്‌പ്. എന്നാൽ നാല് സ്റ്റേഷനുകളിലെങ്കിലും രേഖകൾ പ്രകാരമുള്ള പണത്തിൽ കുറവ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുന്ന തൊണ്ടിമുതലിൽ കുറവുണ്ടാകുന്നതും ചിലവ അപ്പാടെ അപ്രത്യക്ഷമാകുന്നതും അപൂർവമല്ല. പരിശോധന നടക്കാത്തതുകൊണ്ടാണ് അതിന്റെ കണക്കൊന്നും പുറത്തുവരാത്തത്. അടിമാലി സ്റ്റേഷനിലെ പരിശോധനയിൽ കണ്ടെടുത്ത സ്വർണമാല ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയതാണെന്നായിരുന്നു വിശദീകരണം.

സംസ്ഥാനത്ത് സമീപകാലത്തായി ജനങ്ങളുടെ സ്വൈരം കെടുത്തുന്ന മണൽ-ക്വാറി മാഫിയകളുമായി ബന്ധപ്പെട്ട കേസുകൾ ധാരാളമാണ്. അവയിൽ ഒട്ടുമിക്കതും സ്റ്റേഷൻ തലത്തിൽ ഒത്തുതീരുന്നതിന് പിന്നിലെ ശക്തി ഏതെന്ന് ഏവർക്കും അറിയാം. നിയമങ്ങൾ ലംഘിച്ചും ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി പ്രഭുക്കളായി മാറിയ പൊലീസ് ഉദ്യോഗസ്ഥർ നിരവധിയാണ്.

പരാതികൾ രജിസ്റ്റർ ചെയ്യണമെന്നും അവയ്ക്ക് കൈപ്പറ്റ രസീത് നൽകണമെന്നും നിർബന്ധമാണ്. എന്നാൽ അങ്ങനെ ചെയ്യാറുള്ള എത്ര സ്റ്റേഷനുകൾ സംസ്ഥാനത്തുണ്ടാകും? രസീത് ആവശ്യപ്പെടാൻ എത്ര പരാതിക്കാർ തയ്യാറാകും? വിജിലൻസിന്റെ പരിശോധനയിൽ നൂറുകണക്കിന് പരാതികളാണ് അനാഥനിലയിൽ കണ്ടെത്തിയത്. രജിസ്റ്ററിൽ ചേർക്കുകപോലും ചെയ്യാത്തവയായിരുന്നു പലതും. ഗതാഗത നിയമലംഘനകേസുകൾ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി സുവിദിതമാണ്. ഇപ്പോൾ വാഹനാപകടകേസുകളും സ്ഥലം പൊലീസ് സ്റ്റേഷനാണ് കൈകാര്യം ചെയ്യേണ്ടത്. ഒത്തുതീർപ്പിന്റെ മറവിൽ നടക്കുന്നത് ക്രമവിരുദ്ധ കൊടുക്കൽ വാങ്ങലുകളാണ്.

രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സി.ബി.ഐ പോലും അഴിമതിയുടെ കറ പുരണ്ട് അപഹാസ്യമായി നിൽക്കുന്ന ഇക്കാലത്ത് താഴേ തട്ടിലുള്ള പൊലീസ് സ്റ്റേഷനുകൾ ഇത്തരം തിന്മകളിൽ നിന്ന് മുക്തമാകണമെന്ന് ശഠിക്കുന്നതിൽ അർത്ഥമില്ല. എന്നിരുന്നാലും കാര്യക്ഷമതയിൽ രാജ്യത്തെ ഏറ്റവും മികച്ചതെന്ന് പ്രശംസനേടിയ കേരള പൊലീസിനുമേൽ പടർന്നുകയറുന്ന അർബുദ സമാനമായ ദുഷ്‌പേരിന് വിരാമമിടേണ്ടത് സർക്കാരിന്റെ ചുമതലയാണ്. അതിനായി പ്രത്യേക പദ്ധതികളോ അന്വേഷണ കമ്മിഷനോ ഒന്നും വേണ്ടതില്ല. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിവിധ സമിതികൾ നൽകിയിട്ടുള്ള റിപ്പോർട്ടുകളിലെ ശുപാർശകൾ പഠിച്ച് നടപ്പാക്കിയാൽ മാത്രംമതി. സ്റ്റേഷൻ പരിശോധന കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണ് ഇതിന് ആദ്യം ചെയ്യേണ്ടത്. പരിശോധനയ്ക്ക് ആളെത്തുമെന്ന് ബോദ്ധ്യമുണ്ടെങ്കിൽ സ്റ്റേഷൻ ഭരണത്തിൽ അടുക്കുംചിട്ടയും താനേ ഉണ്ടായിക്കാെള്ളും. അഴിമതിക്കാരെയും കൈക്കൂലിക്കാരെയും കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കുന്നതിന് സ്വാധീനവും പാർട്ടിബന്ധവും തടസ്സമാകരുത്. പാർട്ടി ബന്ധത്തിന്റെ ബലത്തിലാണ് പലരും വലിയ അഴിമതിക്കുപോലും മുതിരാറുള്ളത്. തങ്ങൾക്കുമേൽ മുകളിലുള്ളവരുടെ അദൃശ്യനേത്രങ്ങൾ സദാ ഉണ്ടാകുമെന്ന തോന്നൽതന്നെ ക്രമക്കേടുകളിൽ നിന്ന് ഒരുപരിധിവരെയെങ്കിലും വിട്ടുനിൽക്കാൻ പലരെയും പ്രേരിപ്പിക്കും. മേലധികാരികൾ കൂടി അഴിമതിക്കും കൈക്കൂലിക്കും വശംവദരാകുന്നയിടങ്ങളിലാകും ക്രമക്കേട് ഏറ്റവുമധികം നടക്കുക. ഇൗ ഗണത്തിൽപ്പെടുന്നവരെ ക്രമസമാധാനച്ചുമതലകളിൽ നിന്ന് മാറ്റിനിറുത്തുകയാണ് പോംവഴി. വിജിലൻസ് പരിശോധന നടന്ന സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കണം. തീരുമാനം മറ്റിടങ്ങളിലുള്ളവർക്ക് മുന്നറിയിപ്പാവുകയും വേണം.

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷൻ പരിസരങ്ങളും വാഹനങ്ങളുടെ ശവപ്പറമ്പായി മാറിയിട്ടുണ്ട്. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചിടുന്ന വാഹനങ്ങളാണിവ.

യാത്രാതടസ്സമുണ്ടാക്കുംവിധം തൊണ്ടിവാഹനങ്ങൾ പാതയരികിൽ കൂട്ടിയിടുന്നതിനെതിരെ കോടതി ഉത്തരവ് പോലുമുണ്ട്. എന്നാൽ അവ നീക്കംചെയ്യാനോ പിഴ ഇൗടാക്കി ഉടമകൾക്ക് മടക്കി നൽകാനോ നടപടി എടുക്കാറില്ല. വാഹനങ്ങൾ തുരുമ്പെടുത്ത് മുച്ചൂടും നശിച്ചുകഴിയുമ്പോഴായിരിക്കും ലേലം ചെയ്യാൻ നടപടി ഉണ്ടാകുന്നത്. കോടാനുകോടികളുടെ സ്വകാര്യ മുതലാണ് ഇങ്ങനെ നശിച്ചുകൊണ്ടിരിക്കുന്നത്. ഇൗ വിഷയത്തിലും തികഞ്ഞ അനാസ്ഥയാണ് പൊലീസ് കാണിക്കുന്നത്.