നെടുമങ്ങാട്: കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിൽ ശരീരം ഉരുകി കിടപ്പിലായ മകനു വിദഗ്ദ്ധ ചികിത്സ എന്ന സ്വപ്നം ഒരുവശത്ത്. ചികിത്സയ്ക്ക് വേണ്ടി വായ്പയെടുത്ത പണത്തിനു പകരം കിടപ്പാടം ബാങ്കുകാർ കൊടുപോകുമോ എന്ന ആധി മറുവശത്ത്. അരുവിക്കര വാഴവിളയിൽ കൂലിപ്പണിക്കാരനായ ബിനുകുമാറും ഭാര്യ താരയും ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിലാണ്. രണ്ടുമക്കളിൽ മൂത്ത കുട്ടി പത്ത് വയസുള്ള നിധിൻ മജ്ജ ഉരുകി മസിലുകൾ ശോഷിച്ച് മൂത്രത്തിലൂടെ പുറത്തു പോകുന്ന അപൂർവ രോഗം പിടിപെട്ട് അഞ്ച് വർഷമായി ചികിത്സയിലാണ്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കാൽ മടങ്ങി നടക്കാൻ പറ്റാതായി. ഇപ്പോൾ എഴുന്നേൽക്കാനോ ഇരിക്കാനോ നടക്കാനോ കഴിയില്ല. പ്രാഥമിക കൃത്യങ്ങൾക്ക് പോലും മാതാപിതാക്കളുടെ സഹായം വേണം. ജോലിക്ക് പോകാതെ എപ്പോഴും കരഞ്ഞു തളർന്നുറങ്ങുന്ന മകനെ ആശ്വസിപ്പിച്ച് അരികിൽത്തന്നെ കഴിയുകയാണ് ബിനുവും താരയും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ടിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായാണ് പരിശോധനകളും ചികിത്സയും. ചികിത്സാച്ചെലവിന് പണം കണ്ടെത്താൻ ആകെയുള്ള സമ്പാദ്യമായ ആറ് സെന്റും കൊച്ചു വീടും പേരൂർക്കട സഹകരണ ബാങ്കിൽ പണയപ്പെടുത്തി 2014 ൽ എടുത്ത വായ്പ്പയാണ് ഇരുട്ടടിയായിരിക്കുന്നത്. പിഴപ്പലിശ ഉൾപ്പടെ ആറ് ലക്ഷത്തി എണ്ണായിരം രൂപ ഉടനെ അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്. സംസ്ഥാന സഹകരണ ബാങ്ക് മേഖല ഓഫീസർ വസ്തു കൈവശമെടുക്കൽ നോട്ടീസ് വീട്ടിൽ പതിച്ചു കഴിഞ്ഞു. പലപ്പോഴായി മൂന്ന് ലക്ഷത്തി പതിനേഴായിരം രൂപ പലിശയിനത്തിൽ അടച്ചതിന് രേഖയുണ്ടെങ്കിലും അധികൃതർ അംഗീകരിക്കുന്നില്ലെന്ന് ബിനു പറയുന്നു. ഇതിനിടയിൽ മകന്റെ തുടർചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ ഉടനെ അടയ്ക്കണമെന്ന് മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചിരിക്കുകയാണ്. മകന്റെ ജീവൻ നിലനിറുത്താൻ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ബാങ്ക് ഓഫ് ഇന്ത്യ നെടുമങ്ങാട് ശാഖയിൽ അക്കണ്ട് തുടങ്ങിയിട്ടുണ്ട്. സന്മനസുകളുടെ കനിവിലാണ് ഈ നിർദ്ധന കുടുംബത്തിന്റെ പ്രതീക്ഷ. അക്കൗണ്ട് നമ്പർ- 853410510001428 (നിധിൻ ബി.ടി), ഐ.എഫ്.എസ്.സി കോഡ്- BKID 0008534. ഫോൺ : 7012996532, 7907062692.