mullappally

 ഉമ്മൻ ചാണ്ടിക്ക് മേൽ സമ്മർദ്ദം

തിരുവനന്തപുരം: കോൺഗ്രസിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഒഴിച്ചുള്ള സിറ്റിംഗ് എം.പിമാരെല്ലാം വീണ്ടും കളത്തിലിറങ്ങുമെന്ന് ഏറക്കുറെ ധാരണയായി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കളത്തിലിറക്കുന്നത് സംസ്ഥാനത്ത് യു.ഡി.എഫിന് മൊത്തത്തിൽ ഉണർവ്വുണ്ടാക്കുമെന്ന വികാരവും ശക്തമായിട്ടുണ്ട്. മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് മേൽ സമ്മർദ്ദം ശക്തമാകുകയാണ്. കോട്ടയത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുകയും കേരള കോൺഗ്രസ്-മാണി ഗ്രൂപ്പിന് പകരം ഇടുക്കി നൽകുകയുമെന്ന ഫോർമുലയും കോൺഗ്രസിനകത്ത് ചർച്ചയാവുന്നു. ഇടുക്കിയിൽ മുൻമന്ത്രി പി.ജെ. ജോസഫിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണിത്. കേരള കോൺഗ്രസ്-എം കോട്ടയം വിട്ടുനൽകുന്നില്ലെങ്കിൽ ഇടുക്കിയിൽ ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണുയരുന്നത്.

ഇപ്പോൾ ഉറപ്പായ സ്ഥാനാർത്ഥികൾ

ശശി തരൂർ (തിരുവനന്തപുരം)

കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര)

ആന്റോ ആന്റണി (പത്തനംതിട്ട)

കെ.സി. വേണുഗോപാൽ (ആലപ്പുഴ)

കെ.വി. തോമസ് (എറണാകുളം)

എം.കെ. രാഘവൻ (കോഴിക്കോട്)


പത്തനംതിട്ടയിലേക്ക് പി.ജെ. കുര്യനും

തൃശൂരിൽ വി.എം. സുധീരനും ?

പത്തനംതിട്ടയിലേക്ക് പക്ഷേ പി.ജെ. കുര്യനും നോട്ടമിട്ട് നിൽക്കുന്നുണ്ട്. മുല്ലപ്പള്ളിക്ക് പകരം വടകരയിൽ ടി. സിദ്ദിഖിന്റെയും സതീശൻ പാച്ചേനിയുടെയും പേരുകളുയരുന്നു. യു.ഡി.എഫ് ഉറച്ച കോട്ടയായി കണക്കാക്കുന്ന വയനാട് മണ്ഡലത്തിൽ അന്തരിച്ച എം.ഐ. ഷാനവാസിന്റെ ഒഴിവിലേക്ക് പലരും നോട്ടമിട്ട് നിൽക്കുന്നു. ടി. സിദ്ദിഖ്, ഷാനിമോൾ ഉസ്മാൻ, എം.എം.ഹസ്സൻ തുടങ്ങിയവരാണ് ഇതിൽ പ്രമുഖർ.

കാസർകോട്ട് മുൻ എം.പി അന്തരിച്ച ഐ. രാമറൈയുടെ മകൻ സുബ്ബണ്ണറൈയാണ് പരിഗണനയിൽ. കണ്ണൂരിൽ കെ. സുധാകരന് മുൻതൂക്കം. തൃശൂരിൽ ക്രൈസ്തവ പ്രാതിനിദ്ധ്യം പരിഗണിച്ചാൽ ഡീൻ കുര്യാക്കോസിന് സാദ്ധ്യത കല്പിക്കുന്നുണ്ട്. വി.എം. സുധീരൻ മത്സരിക്കാനാഗ്രഹിച്ചാൽ അദ്ദേഹത്തെയും പരിഗണിക്കാം. ചാലക്കുടിയിൽ ടി.എൻ. പ്രതാപൻ, മുൻമന്ത്രി കെ. ബാബു തുടങ്ങിയ പേരുകളാണ് ചർച്ചകളിൽ. ഇടുക്കിയിൽ ബെന്നി ബെഹനാൻ, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളും കേൾക്കുന്നു. പാലക്കാട്ട് ഷാഫി പറമ്പിൽ എം.എൽ.എയുടെയും വി.കെ. ശ്രീകണ്ഠന്റെയും പേരുകളുയരുമ്പോൾ, എറണാകുളത്ത് കെ.വി. തോമസിന് പകരം അപ്രതീക്ഷിതമായി ഹൈബി ഈഡൻ എം.എൽ.എയുടെ പേരുമുയർന്നുവന്നിട്ടുണ്ട്. ആറ്റിങ്ങലിൽ അടൂർ പ്രകാശ് എം.എൽ.എയുടെ പേരാണ് സജീവം.